കോട്ടയം: ഇന്ന് വനിതാ ദിനം. ഈ ദിനത്തിൽ കോട്ടയം ചർച്ച ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചാണ്.മൂന്നു മുന്നണികളിലും പല മണ്ഡലങ്ങളിലും പ്രമുഖ വനിതകളുടെ പേര് പറഞ്ഞു കേട്ടെങ്കിലും പതിവു പോലെ അവസാന ഘട്ട വീതം വെപ്പിലും പടലപ്പിണക്കത്തിലും അതൊക്കെ വെട്ടിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
ഇത്തവണയും കാര്യങ്ങൾ മറിച്ചല്ല. മൂന്നു പ്രബല മുന്നണികളിലായി ഒരുപിടി യുവതികളുടെ പേര് ഉയർന്നു കേട്ടെങ്കിലും കാര്യത്തോട് അടുക്കുന്പോൾ ആകെ ഒരു സീറ്റിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.എൽഡിഎഫ് വൈക്കം മണ്ഡലത്തിലേക്ക് സിറ്റിംഗ് എം എൽഎ സി.കെ. ആശയെ അങ്കത്തിനിറക്കാനുള്ള പുറപ്പാടിലാണ്.
ഇതു സംബന്ധിച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് സി.കെ. ആശയുടെ പേര് സംസ്ഥാന കൗണ്‍സിലിന് അയച്ചു.സിപിഎം ജില്ലയിൽ മൂന്നിടത്തു മത്സരിക്കുന്നുണ്ടെങ്കിലും വനിതകളെ പരിഗണിച്ചിരുന്നില്ല. യുഡിഎഫിൽ വനിതകളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.
ഏറ്റുമാനൂരിൽ ആദ്യം മുതൽ കോണ്‍ഗ്രസിലെ ലതികാ സുഭാഷിന്റെ പേര് ഉയർന്നു കേട്ടതാണ്. ഏറ്റുമാനൂർ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫിനു വിട്ടുകൊടുത്തതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. കാഞ്ഞിരപ്പള്ളി സീറ്റിലേക്കാണ് ലതിക സുഭാഷിന്റെ പേര് ഇപ്പോൾ ചർച്ചയിലുള്ളത്.
മുൻ കോട്ടയം നഗരസഭ ചെയർപേഴ്സണ്‍ പി.ആർ. സോനയുടെ പേരാണ് യുഡിഎഫിൽ നിന്നും ഉയർന്നുവന്ന മറ്റൊന്ന്. വൈക്കത്തേക്കായിരുന്നു പി.ആർ. സോനയുടെ പേര് കേട്ടത്. പത്രികാ സമർപ്പണം മറ്റന്നാൾ ആരംഭിക്കാനിരിക്കെ ഇപ്പോഴും ഈ കാര്യങ്ങളിൽ വ്യക്തതയായില്ല.
ബിജെപിയിൽ സംസ്ഥാന നേതാവ് പ്രമീളാ ദേവിയുടെ പേര് പരിഗണയിലുണ്ട്. ഇന്നും നാളെയുമായി തെരഞ്ഞെടുപ്പിൽ ജില്ലയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും.