എത്രയൊക്കെ വനിതാദിനങ്ങള്‍ ആഘോഷിച്ചാലും എത്രയൊക്കെ കൂട്ടായ്മകളും സംഘടനകളും രൂപം കൊണ്ടാലും സ്ത്രീകളോടുള്ള പുരുഷ സമൂഹത്തിന്റെ മനോഭാവം മാറാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ അരങ്ങേറുന്ന വിവിധ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മാറാന്‍ പുരുഷന്മാര്‍ തയാറല്ലെങ്കിലും സ്ത്രീകള്‍ വളരെയേറെ ധൈര്യം സംഭരിച്ചുകഴിഞ്ഞു എന്നതാണ് ഏക ആശ്വാസം.
ഇത്തവണത്തെ ലോകവനിതാദിനത്തില്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പിറ്റേന്നാണ് ഈ വീഡിയോ പ്രചരിക്കുന്നതെന്ന പ്രത്യകതയും ഉണ്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുളള സംഭവത്തിന്റെ വീഡിയോയാണിത്. മൂന്ന് യുവാക്കളാണ് യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതെന്നാണ് വിവരം.
ആളൊഴിഞ്ഞ ഇടത്തുനിന്നും പെണ്‍കുട്ടിയെ യുവാക്കള്‍ പിന്തുടരുകയായിരുന്നു. വേഗത്തില്‍ നടന്ന പെണ്‍കുട്ടി മാര്‍ക്കറ്റില്‍ എത്തിയതോടെ കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇതില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെണ്‍കുട്ടിയും നാട്ടുകാരും ചേര്‍ന്ന് കൈകാര്യം ചെയ്തു.
എന്നാല്‍ ഒടുവില്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പോലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. യുവതിയില്‍ നിന്നും പോലീസ് പരാതി സ്വീകരിച്ച് യുവാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടും തന്നെ ചോദ്യംചെയ്ത പെണ്‍കുട്ടിയോട് ഇയാള്‍ കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.