കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാളെ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
ഇരുപത് രൂപയ്ക്ക് ഏത് സ്റ്റേഷനില്‍നിന്നും പരിധിയില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യമാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്.
നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക.
ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക.
കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് കെഎംആര്‍എല്‍ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന വനിതാദിനാഘോഷ ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം മെട്രോയില്‍ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ആദരിക്കും.
ഇതിന് പുറമേ സ്ത്രീകള്‍ക്കായി മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളില്‍ നാളെ സൗജന്യ ബോണ്‍ ഡെന്‍സിറ്റി പരിശോധയും ഒരുക്കിയിട്ടുണ്ട്.
ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും മേയര്‍ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതല്‍ വൈകിട്ട് 7 മണിവരെയാണ് മെഡിക്കല്‍ ക്യാന്പ്.