സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ നിരവധി ആളുകള്‍ നമ്മുടെ മുമ്പിലുണ്ട്. അതില്‍ തന്നെ നിരവധി പാട്ടുകാരുമുണ്ട്. ഈ നിരയിലേയ്ക്ക് കഴിഞ്ഞ ദിവസം മറ്റൊരു ഗായിക കൂടി വന്നുചേര്‍ന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനി സുമിത. അടുക്കളയില്‍ നിന്ന് സുമിത പാടുന്ന പാട്ടാണ് ‘ആരാണീ പാട്ടുകാരി?’ എന്ന ചോദ്യത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സുമിത പാട്ടിന്റെ രംഗത്ത് മടങ്ങിയെത്തുന്നത്. ഇനി സുമിത സോഷ്യല്‍ മീഡിയയില്‍ ഫെയ്മസായ കഥ പറയാം…സുഹൃത്തായ പ്രിയയുടെ തയ്യല്‍ക്കടയിലിരുന്ന് സുമിത പാടിയ പാട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രിയയുടെ ടെയിലറിംഗ് സെന്ററിനോട് ചേര്‍ന്ന് ഒരു സംഗീതക്ലാസ് ആരംഭിക്കാന്‍ സുമിതയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് അവളുടെ അടുത്ത് പോയത്. അങ്ങനെ കൂട്ടുകാരിയാണ് ‘ജാനകീ ജാനേ…’ എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സോഷ്യല്‍ മീഡിയ സുമിതയെയും സ്വീകരിച്ചു.
അങ്ങനെ വെറുതെ സംഗീതത്തോടുള്ള അഭിനിവേശം കൊണ്ട് മാത്രം പാടിയ ഒരു പാട്ടല്ലായിരുന്നു അത്. കൊല്ലം എസ്.എന്‍ കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടിയിട്ടുണ്ട്സുമിത. 96-97 കാലഘട്ടത്തില്‍ കൊല്ലം എസ്.എന്‍ കോളേജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. പിന്നീടായിരുന്നു വിവാഹം. വിവാഹശേഷം തത്ക്കാലം പാട്ട് മോഹം മാറ്റിവച്ചെന്ന് സുമിത പറയുന്നു. പിന്നീടിങ്ങോട്ട് പതിനേഴ് വര്‍ഷങ്ങള്‍. ”പാടാതിരുന്ന് എന്റെ ശബ്ദം പോയത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു. വല്ലാത്തൊരു സങ്കടാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എന്നെ അറിയാവുന്ന സുഹൃത്തുക്കള്‍ പാട്ടിലേക്ക് തിരിച്ചു വരാന്‍ എപ്പോഴും പറയും. അതിലൊരാളാണ് പ്രിയ. എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പാടിച്ച പാട്ടാണത്. നൂറനാടന്മാര് സൗഹൃദ കൂട്ടായ്മയുടെ പേജില്‍ എന്റെ പാട്ട് അവര്‍ ഷെയര്‍ ചെയ്തിരുന്നു. ഒരുപാട് പേര് അത് കേട്ട് നല്ല അഭിപ്രായം പറഞ്ഞു. മുപ്പതിനായിരത്തിലധികം പേരാണ് ആ പേജില്‍ നിന്ന് മാത്രം പാട്ട് കേട്ടത്.” സുമിത പറയുന്നു.
‘ആകാശങ്ങള്‍ക്കപ്പുറം’ എന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രത്തില്‍ സുമിത ഒരു കവിത പാടിയിട്ടുണ്ട്. അതുപോലെ ഭക്തിഗാനങ്ങളിലും പാടിയിട്ടുണ്ട്. 2016ലായിരുന്നു അത്. പെട്ടെന്നൊരു ദിവസം പാടിത്തുടങ്ങിയതല്ല ആളല്ല ഈ വീട്ടമ്മ. സുമിതയുടെ ചിറ്റപ്പന് നൂറനാട് കൃഷ്ണന്‍കുട്ടി അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നു.കെ. എസ് ചിത്രയുടെ ഇഷ്ടഗാനങ്ങളിലൊന്ന് അദ്ദേഹം എഴുതിയ പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. ”എന്നെ പാട്ട് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചത് ചിറ്റപ്പനായിരുന്നു. അദ്ദേഹം പോയപ്പോള്‍ എന്റെ പാട്ടും നിന്നുപോയി.” സുമിതയുടെ വാക്കുകള്‍.
കുടുംബസദസ്സുകളിലും സൗഹൃദക്കൂട്ടങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെങ്കിലും സുമിതയുടെ പാട്ടിന് ആരാധകര്‍ ഏറെയാണ്. കെ.എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്ന, പാട്ടുകള്‍ പാടാന്‍ ആഗ്രഹിക്കുന്ന സുമിതയുടെ ആഗ്രഹം ചിത്രച്ചേച്ചിയെ ഒന്നു നേരിട്ട് കാണണം എന്നാണ്. ഭര്‍ത്താവ് പ്രദീപിനും മകന് പ്രണവിനുമൊപ്പം നൂറനാട്ടാണ് സുമിത താമസിക്കുന്നത്. ആകാശവാണിയിലെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് സുമിത. വൈറലായ വീഡിയോയില്‍ കെ.എസ്. ചിത്ര പാടിയ ‘കണ്ണാളനേ..’ എന്ന പാട്ടാണ് സുമിതയും തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രലേഖ മകന് ശ്രീഹരിയെ ഉറക്കാന്‍ പാടിയ പാട്ടാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഒരുപക്ഷേ സുമിതയും നാളത്തെ ചന്ദ്രലേഖ ആയേക്കുമെന്ന് സോഷ്യല്‍ മീഡിയ കരുതുന്നു.