സ്വന്തം ലേഖകൻ
തൃശൂർ: വാട്സാപ്പുകളിൽ ഇന്നു നിറഞ്ഞതും പരസ്പരം കൈമാറിയതും വനിതാദിനത്തിന്റെ ആശംസകളായിരുന്നു. ആണ് പെണ് ഭേദമില്ലാതെ അവ വന്നും പൊയ്ക്കൊണ്ടുമിരുന്നു…വനിതാദിനമല്ലെങ്കിലും തൃശൂരിന്റെ പ്രഭാതങ്ങളിൽ എന്നും പെണ്കാറ്റ് വീശാറുണ്ട്. ഇന്നുവീശിയ കാറ്റിന് വനിതാദിനത്തിന്റെ ഭംഗിയും കൂടിയുണ്ടായിരുന്നു.എന്നത്തേയും പോലെ നഗരത്തിലാദ്യമെത്തിയത് അവരായിരുന്നു – നഗരത്തെ സുന്ദരിയാക്കി മാറ്റി വനിതാദിനത്തിലേക്ക് ഒരുക്കി വിടാൻ. കോർപറേഷന്റെ വനിതാ ശുചീകരണ തൊഴിലാളികൾ.
അവരെ കണികണ്ടാണ് ഈ നഗരമെന്നും ഉണരാറുള്ളത്. ഇന്നും പതിവ് തെറ്റിയില്ല.തേക്കിൻകാട് മൈതാനിയിൽ ജോഗിംഗിനെത്തിയ സ്ത്രീകൾ പരസ്പരം വനിതാദിനം വിഷ് ചെയ്യുന്നുണ്ടായിരുന്നു.തെക്കേഗോപുരനടയ്ക്ക് താഴെ അന്യസംസ്ഥാനക്കാരായ സ്ത്രീ തൊഴിലാളികൾ വനിതാദിനത്തിലെ അന്നത്തിനായി ജോലി കാത്തിരിപ്പുണ്ടായിരുന്നു. നിർമാണ തൊഴിലാളികളായ സ്ത്രീകളായിരുന്നു കൂട്ടത്തിൽ കൂടുതൽ.
വടക്കുന്നാഥനിലേക്കും പുത്തൻപള്ളിയിലേക്കും ലൂർദ്ദിലേക്കുമൊക്കെ വീട്ടമ്മമാർ വന്നണഞ്ഞുകൊണ്ടേയിരുന്നു. എന്നത്തേയും പോലെ ഇന്നും നല്ലൊരു ദിനമാക്കണേ എന്ന പ്രാർത്ഥനയോടെ…ഓഫീസുകളിലേക്കും ജോലിക്കുമൊക്കെയായി അപ്പോഴേക്കും നഗരത്തിരക്കിലേക്ക് സ്ത്രീകൾ എവിടെ നിന്നൊക്കെയോ വന്നെത്തിക്കൊണ്ടിരുന്നു.
ഈ നഗരത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളാണോ എന്ന് വനിതാദിനത്തിൽ തോന്നിപ്പോയി…അത്രയേറെയായിരുന്നു അവർ…നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും യൂണിഫോം ധരിച്ച് സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടമായും എത്തിക്കൊണ്ടിരുന്നു..
വാർത്തകളിലെല്ലാം വനിതാദിനം സ്പെഷ്യലുകൾ മാത്രം…വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പു ചാർത്തിയ വനിതാരത്നങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും… തൃശൂർ നഗരത്തിലും ജില്ലയിലെന്പാടും വൈവിധ്യമാർന്ന വനിതാദിനാഘോഷ പരിപാടികൾ വൈകുന്നേരം വരെയുണ്ട്…
സാഹിത്യ അക്കാദമിയിൽ സ്ത്രീകളുടെ ഗാനസന്ധ്യയായ സന്ധ്യകൾ ചാലിച്ച സിന്ദൂരം വൈകീട്ട് അഞ്ചിനാണ്. 25 ഗായികമാർ ഒരേവേദിയിൽ പാടാനെത്തുന്ന അപൂർവ ഗാനോപഹാരമായിരിക്കുമത്.ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗണ്സിലിന്റെ വനിതാദിനം, അയ്യന്തോൾ പെൻഷൻ ഭവനിൽ പെൻഷൻകാരുടെ വനിതാദിനാഘോഷം, ചെന്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ വനിതകൾക്ക് മെഡിക്കൽ ക്യാന്പും വിത്തും തൈവിതരണവും, വ്യാപാര ഭവനിൽ വനിതാറാലിയും വനിതസംരംഭക അവാർഡു ദാനവും.. അങ്ങിനെ എത്രയോ പരിപാടികൾ….
സ്വരാജ് റൗണ്ടിൽ പാർക്കു ചെയ്ത പിങ്ക് പോലീസിന്റെ പിങ്ക് നിറമുള്ള കാറിൽ ഡ്യൂട്ടിഫുള്ളായി വനിതാ പോലീസുകാർ… ഇന്ന് പല പോലീസ് സ്റ്റേഷനുകളിലും ഭരണം വനിതാപോലീസിനാണെന്നോർത്തപ്പോൾ അഭിമാനം തോന്നി… സ്ത്രീകളുടെ റാലികൾ, സെമിനാറുകൾ…. വനിതാദിനം ശരിക്കും ആഘോഷമായി കൊണ്ടാടുകയാണ് നാടെങ്ങും.