വിമാനയാത്രയ്ക്കായി വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂറും നാലും മണിക്കൂറുമൊക്കെ നേരത്തെ വിമാനത്താവളത്തിൽ എത്താറുണ്ട്.
തിരക്ക് ഒഴിവാക്കി ചെക്ക് ഇൻ ചെയ്യാനാണ് നേരത്തെ എത്തുന്നത്. ആദ്യമായി വിമാനയാത്ര ചെയ്യുന്നവരാണെങ്കിൽ നേരത്തെ എത്തുന്നതിലൂടെ ടെൻഷൻ കുറയ്ക്കാനും കഴിയുന്നു.
എന്നാൽ യാത്ര ചെയ്യാനുള്ള വിമാനം പുറപ്പെടുന്നതിന് ഒരു വർഷം മുന്പ് വിമാനത്താവളത്തിൽ എത്തിയാലോ? സംഗതി തമാശയല്ല, ചെറിയൊരു അബദ്ധം സംഭവിച്ചതാണ്.
മോഡലായ അലക്സിയ പോർട്ട്മാൻ എന്ന യുവതിയ്ക്കാണ് ഈ അബദ്ധം പറ്റിയത്. ക്രൊയേഷ്യയിൽ നിന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അലക്സിയ. ഈസി ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് യുവതി എയർപോർട്ടിലെത്തിയത്.
കൃത്യസമയത്ത് അതായിത് രാവിലെ ആറിന് എയർപോർട്ടിൽ എത്തുകയും ചെയ്തു. എന്നാൽ എയർപോർട്ടിലെത്തിയപ്പോഴാണ് താൻ അടുത്ത വർഷത്തേക്കുള്ള ടിക്കറ്റ് ആണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന കാര്യം അലക്സിയ തിരിച്ചറിഞ്ഞത്.
അലക്സിയ സംഭവം മുഴുവൻ ടിക് ടോക്കിൽ പങ്കുവയ്ക്കുകയായിരുന്നു. അലക്സിയ ആളൊഴിഞ്ഞ വിമാനത്താവളത്തിൽ ലഗേജുകളുമായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ സംഭവം വൈറലായി.
എട്ടു ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
അലക്സിയ ബുക്ക് ചെയ്ത ടിക്കറ്റ് രണ്ടു തവണ വിമാന കന്പനി റദ്ദാക്കിയിരുന്നു. ഇതിൽ തീയതി കൃത്യമായിരുന്നു. മൂന്നാമത് ബുക്ക് ചെയ്ത ടിക്കറ്റിലാണ് അബദ്ധം പറ്റിയത്.
തന്റെ കൈവശമുള്ള അവസാന പണവും എയർപോർട്ടിലേക്കുള്ള ടാക്സിയ്ക്കായി ചെലവഴിച്ചെന്നും ക്രൊയേഷ്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അലക്സിയ വീഡിയോയിൽ പറഞ്ഞിരുന്നു. ഒടുവിൽ അലക്സിയായുടെ പിതാവ് ടിക്കറ്റ് എടുത്ത് നൽകിയാണ് അലക്സിയ സ്വന്തം രാജ്യത്ത് എത്തിയത്.