തലശേരി: മലബാറിന്റെ ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അന്താഷ്ട്ര ലഹരി മാഫിയയുടെ കണ്ണികൾ സജീവമെന്ന് റിപ്പോർട്ട്.
തലശേരി മുകുന്ദ മല്ലർ ജംഗ്ഷൻ കേന്ദ്രീകരിച്ച് യുവതിയുടെ നേതൃത്വത്തിൽ കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പന നടക്കുന്നതായി നാട്ടുകാർ രാഷ്ട്രദീപികയെ അറിയിച്ചു.
സാരിയുടുത്ത് ഇരുചക്ര വാഹനത്തിലെത്തുന്ന സുന്ദരിയായ യുവതിയുടെ മയക്കു മരുന്ന് വിപണനം പരിസര വാസികൾക്ക് സുപരിചിതമാണ്.
വർഷങ്ങളായി ഈ യുവതി ഇവിടെ ലഹരി വിൽപന നടത്തുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് രാപകൽ ഭേദമന്യ യുവതിയെ തേടിയെത്തുന്നത്.
തന്റെ ഇരുചക്ര വാഹനം റോഡരികിൽ ഒതുക്കി നിർത്തി സ്ഥിരമായി മയക്കു മരുന്ന് വിൽക്കുന്ന വെളുത്ത ഈ സുന്ദരിയെ തൊടാൻ അധികൃതർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതിൽ ദുരൂഹതയുള്ളതായും ദേശവാസിയ ഒരു ഗൃഹനാഥൻ രോഷാകുലനായി രാഷ്ട്രദീപികയോട് പറഞ്ഞു.
പുതിയ ബസ്സ്റ്റാൻഡ് ഭാഗത്ത് ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്നും കുടുംബവുമായി കഴിയുന്ന തന്റെ പേര് വെളിപ്പെടുത്തരുതെന്നുള്ള ആവർത്തിച്ചുള്ള അഭ്യർഥനയോടെ അയാൾ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിൽ നിന്നും കറുപ്പ് എത്തിക്കുന്ന മാഫിയ സംഘത്തിന് തലശേരിയുമായി ബന്ധമുള്ളതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന എല്ലാ ലഹരി വസ്തുക്കളും ലഭിക്കുന്ന നഗരമായി തലശേരി മാറിക്കഴിഞ്ഞതായാണ് വിവിധ ഏജൻസികൾ നൽകുന്ന സൂചന.
കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ ഏറ്റവും വലിയ ലഹരി മാഫിയ കേന്ദ്രമായി തലശേരി മാറിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് റോഡരികിൽ മരിച്ച് വീണ സംഭവത്തിൽ പോലീസ് അന്വഷണം ഊർജിതമാക്കി. ജനകീയ മുന്നേറ്റങ്ങൾക്ക് പുറമെ ലഹരിക്കെതിരെ പോലീസ് നടപടിയും ശക്തമാക്കിയിട്ടുണ്ട്.
ലഹരി മാഫിയ തലവനെ ജനകൂട്ടം തടഞ്ഞ് വെച്ച് ജനകീയ വിചാരണ നടത്തിയപ്പോൾ പുറത്തു വന്നിട്ടുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇതിനിടയിൽ ലഹരിക്കടിമപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടികളെ വിദഗ്ദ ചികിത്സക്കായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടു പോകുമെന്നാണ് അറിയുന്നത്.
ഈ പെൺകുട്ടികളുടെ അടുത്ത സുഹൃത്തുക്കളായ കുട്ടികളും വിവിധ കേന്ദ്രങ്ങളിൽ ചികിത്സക്കെത്തിയതായും അറിയുന്നു.