കൊല്ലം : ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ യുവതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ശൂരനാട് സ്വദേശിനി അശ്വതിയാണ് തൃശൂർ സ്വദേശിനികളായ സഹോദരിമാരായ രണ്ട് യുവതികളുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി ഉള്ളത്.
യുവതികളുടെ പരാതിയെ തുടർന്നാണ് അശ്വതി അറസ്റ്റിലായത്. യുവതി നാലു വർഷമായി തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഏഴു പേരാണ് തട്ടിപ്പിനിരയായത്.
ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. യുവതിയുടെ തട്ടിപ്പിനിരയായ ചില യുവാക്കൾ സംഭവം ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നു.
ഇത് കണ്ട തൃശൂർ സ്വദേശിനികളായ സഹോദരിമാർ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.