ഗണ്ണസിന്റെ ഹോം സ്റ്റേയിൽനിന്നു കുറേ കത്തുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞുവെന്നതാണ് ഈ കേസിലെ വഴിത്തിരിവ്.
സഹോദരനും ഗണ്ണസും തമ്മിലുള്ള ഇടപാടുകൾ ആയിരുന്നു കത്തുകളിൽ അത്രയും. ഈ കത്തുകൾ വിശദമായി പരിശോധിച്ചതിൽനിന്ന് അധികാരികൾക്ക് ഒരു കാര്യം പിടികിട്ടി. ഗണ്ണസ് ചെറിയ മീനല്ല! കത്തിൽനിന്നു ലഭിച്ച ചില സൂചനകൾ വച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
മനുഷ്യ ശരീരത്തിന്റെ വിവിധ അവശിഷ്ടങ്ങളും മറ്റും ഒന്നിനു പിറകെ ഒന്നായി ഹോം സ്റ്റേയിൽനിന്നു കണ്ടെത്താനുള്ള കാരണം തേടി പോലീസ് നീങ്ങി.
അടക്കിയതിലും
ഹോം സ്റ്റേയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അടക്കം ചെയ്തതിലും ചില പ്രത്യേകതകൾ പോലീസ് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം ഒരേ രീതിയിൽ മറവുചെയ്ത നിലയിലാണ് കണ്ടെത്തിയത്.
ശരീരത്തിൽനിന്നു തലയോട്ടി വേർപ്പെടുത്തിയിട്ടുണ്ടാവും, തോളിൽനിന്നു കൈകൾ നീക്കി, കാൽമുട്ടുകൾ മുറിച്ചുമാറ്റി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചു പ്രത്യേകം പരിശീലനം നേടിയതു പോലെയായിരുന്നു ഒാരോ മൃതദേഹങ്ങളുടെ അടക്കം ചെയ്തിരിക്കുന്നത്.
ആദ്യ ദിവസത്തെ തെരച്ചിലിൽ അഞ്ച് മൃതദേഹങ്ങളും രണ്ടാമത്തെ ദിവസം ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.
ഈ കൊലപാതകങ്ങൾ ഇന്നല്ലെങ്കിൽ നാളെ ലോകം അറിയുമെന്ന് ഗണ്ണസ് ഭയപ്പെട്ടിട്ടുണ്ടാവാം. അതുകൊണ്ടാവാം അവൾ തന്റെ ഹോംസ്റ്റേയ്ക്കു തീയിട്ടതെന്നാണ് കരുതുന്നത്.
ജോലിക്കാരൻ കാമുകൻ!
എന്തായാലും മൃതദേഹങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നതോടെ കാണാതായവരുടെ ബന്ധുക്കൾ കൂടുതൽ പരാതികളുമായി മുന്നോട്ടുവന്നു.
പക്ഷേ, അവരുടെ ആളുകളെ ഗണ്ണസ് കൊലപ്പെടുത്തിയതായി തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചില്ല.
ഒരേ സമയം ഗണ്ണസിന്റെ ജോലിക്കാരനും ആവശ്യം വരുന്പോൾ കാമുകനും ആയി പ്രവർത്തിച്ച ഒരാളുണ്ടായിരുന്നു ഹോം സ്റ്റേയിൽ.
അയാളുടെ പേര് റേ ലാംഫിയർ. 1908 നവംബറിൽ ഹോം സ്റ്റേയിൽനടന്ന തീപിടിത്തത്തിൽനിന്നു ലാംഫിയർ രക്ഷപ്പെട്ടു.
ഇത്രയും വലിയൊരു തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നു ലാംഫിയർ മാത്രം എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യമാണ് ലാംഫിയറിനെ കേസിൽ കുടുക്കുന്നത്. പോലീസ് ലാംഫിയറിനെ ചോദ്യം ചെയ്തു.
ആദ്യമൊക്കെ പിടിച്ചുനിന്ന ലാംഫിയറിനു പോലീസിന്റെ തന്ത്രപരമായ ചോദ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
സൗഹൃദങ്ങൾ തേടി
പുരുഷന്മാരുമായുള്ള കൂട്ടുകെട്ട് ഗണ്ണസിന്റെ വീക്ക്നെസ് ആയിരുന്നു. പുരുഷ സൗഹൃദം തേടി ഗണ്ണസ് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു.
പരസ്യങ്ങളിൽ ആകൃഷ്ടരായി ഗണ്ണസിനെ തേടിയെത്തിയിരുന്നവർ ഒരിക്കലും അവൾ തങ്ങളുടെ കൊലപാതകി ആകുമെന്നോ അവളിലൊരു വഞ്ചകി ഉറങ്ങിക്കിടപ്പുണ്ടോയെന്നും മനസിലാക്കിയില്ല.
ഇവളുടെ ഇഷ്ടം തേടി വരുന്നവരെ അവൾ ആദ്യം സന്തോഷിപ്പിക്കും. പിന്നീടു കൊലപ്പെടുത്തും. കൊള്ളയടിക്കും.
പാവപ്പെട്ടവരൊന്നുമല്ല, ഇവളെ തേടിയെത്തിയത്, പിന്നെയോ കൈ നിറയെ പണമുള്ളവർ. ഇങ്ങനെ ഇവളുടെ വലയിൽ വീണവരാണ് കണ്ടെത്തിയ 11 പേർ.
തേടി വന്നയാൾ
സഹോദരന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഒരാൾ ഗണ്ണസിനെത്തേടി ഫാം ഹൗസിൽ എത്തിയിരുന്നു. തന്റെ സഹോദരനെ കാണാനില്ലെന്നും അതിനു പിന്നിൽ ഗണ്ണസ് ആണെന്നുമായിരുന്നു അയാളുടെ കണ്ടെത്തൽ.
ഗണ്ണസും സഹോദരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വന്നയാൾക്ക് അറിയാമായിരുന്നു. ഇതു ഗണ്ണസിൽ വലിയൊരു ഭയം സൃഷ്ടിച്ചുവെന്നുവേണം കരുതാൻ.
കാര്യങ്ങളെല്ലാം കൈവിട്ടു പോകുമെന്ന് അവൾ ഭയപ്പെട്ടു. ഇതോടെയാണ് ഹോംസ്റ്റേയ്ക്ക് തീയിടാനും താൻ തീ പിടിത്തത്തിൽ മരിച്ചതായി വ്യാജ പ്രചാരണം ഉണ്ടാക്കാനും തീപിടിത്തത്തിന്റെ മറവിൽ പലായനം ചെയ്യാനും ഗണ്ണസ് തീരുമാനിച്ചത്.
മക്കളോടൊപ്പമുള്ള ഫാം ഹൗസ് കത്തിക്കാൻ ഗണ്ണസ് തന്നോട് ആവശ്യപ്പെട്ടതായി ലാംഫിയർ പിന്നീടു പറഞ്ഞു.
കൊല്ലപ്പെട്ടതു ഗണ്ണസോ?
എന്നാൽ, ലാംഫിയർ ഗണ്ണസിനെയും കുട്ടികളെയും കോടാലി ഉപയോഗിച്ച് കൊന്നെന്നും മൃതദേഹങ്ങളിൽ മണ്ണെണ്ണ തളിച്ചതായും അവർക്കും വീടിനും തീയിട്ടതായും അക്കാലത്ത് ആരോപണമുയർന്നിരുന്നു.
ഗണ്ണസ് മരിച്ചിട്ടില്ലെന്നും ഗണ്ണസിനെപ്പോലുള്ള ഏതോ ഒരു സ്ത്രീയാണ് മരിച്ചതെന്നും ഗണ്ണസ് രക്ഷപ്പെട്ടെന്നും മറ്റൊരു കിംവദന്തിയും അക്കാലത്തു പ്രചരിച്ചിരുന്നു.
അവൾ തീയിൽ മരിച്ചോ അതോ രക്ഷപ്പെട്ടോ എന്നത് തർക്ക വിഷയവുമാണ്. പക്ഷേ, ഗണ്ണസ് മരിച്ചതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഗണ്ണസ് ഫാമിൽ നടത്തിയ മുൻ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നു ലാംഫിയർ സമ്മതിച്ചു. തോട്ടത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുക എന്നതായിരുന്നു ലാംഫിയറിന്റെ ചുമതല.
ഗണ്ണസിന്റെ കുറ്റകൃത്യങ്ങൾ പുറത്തുവന്നതിനു ശേഷം, ഗണ്ണസ് ഫാം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി എന്നതാണ് വിചിത്രം. കൂട്ടക്കുഴിമാടങ്ങൾ കാണുന്നതിനു രാജ്യമെമ്പാടുംനിന്ന് കാഴ്ചക്കാർ എത്തി.