ഡെന്നീസ് എന്ന കൊടുംകുറ്റവാളിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു. 2018 മേയ് പത്തിനു രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു ഡെന്നിസിനെ യോർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയയ്ക്കിടെ രക്തം കട്ടപിടിച്ചതിനെത്തുടർന്നു ഡെന്നിസിന്റെ ആരോഗ്യനില വഷളായി. ഒടുവിൽ മേയ് 12ന്, എഴുപത്തിനാലാം വയസിൽ, ആ സീരിയൽ കൊലപാതകി മരണത്തിനു കീഴടങ്ങി.
ഡെന്നീസിന്റെ നിഗൂഢമായ ജീവിതത്തെ അധികരിച്ചുള്ള ദെസ് എന്ന ടെലിവിഷൻ പ്രോഗ്രാം ചർച്ചയായതിന്റെ ഭാഗമായി ഈയടുത്ത ദിവസങ്ങളിലാണ് ഡെന്നിസിന്റെ സുഹൃത്ത് ആൻഡ്രിയ കുബിനോവയെക്കുറിച്ചു ലോകം അറിയുന്നത്.
മുപ്പതു വയസുള്ള ആൻഡ്രിയ ചെക്ക് റിപ്പബ്ലിക് സ്വദേശിനിയാണ്. കത്തുകളിലൂടെയാണ് ലോകം കണ്ട ഏറ്റവും ക്രൂരനായ കൊലയാളികളിൽ ഒരാളായ ഡെന്നിസും ആൻഡ്രിയയും സുഹൃത്തുക്കളാകുന്നത്.
പടം വരച്ചു കൂട്ടായി
ഡെന്നീസിന്റെ മരണത്തിനു ശേഷം ഇവരുടെ സൗഹൃദത്തിന്റെ അടയാളമായി ഡെന്നിസിന്റെ ശരീരം കത്തിയ ചാരവും അയാളുടെ കണ്ണടയും ആൻഡ്രിയ വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടത്രേ.
ഇപ്പോൾ ടെലിവിഷനിൽ ഡെന്നിസ് ആയുള്ള ഡേവിഡിന്റെ അഭിനയം ഒരു പ്രേതത്തെ നേരിൽ കാണുന്നതുപോലെ ഭയാനകമാണെന്ന് ആൻഡ്രിയ പറയുന്നു.
ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകത്തിലൂടെയാണ് ആൻഡ്രിയ ഡെന്നിസിനെക്കുറിച്ചറിയുന്നത്.
കൊലപാതകങ്ങളിലേക്ക് അയാളെ എത്തിച്ച സാഹചര്യങ്ങളും അയാളുടെ ഏകാന്തതയും അവളിൽ ജിജ്ഞാസയുണർത്തി. ഡെന്നിസിന്റെ വളർത്തുനായ ബ്ലീപ്പിന്റെ ചിത്രം വരച്ച് അയാൾക്ക് അയച്ചുകൊണ്ടായിരുന്നു സൗഹൃദത്തിനു തുടക്കം കുറിച്ചത്.
മറ്റു കുറ്റവാളികളിൽനിന്നു വ്യത്യസ്തമായി ഡെന്നിസിനു വളർത്തു മൃഗങ്ങളോടുള്ള താത്പര്യം ആൻഡ്രിയയെ അയാളിലേക്ക് ആകർഷിക്കുകയും ചെയ്തു.
സുഹൃത്ത് മാത്രം
എല്ലാ സൗഹൃദങ്ങളെയും പോലെ ഇതും സർവ സാധാരണമായ ഒരു ബന്ധമായി മാത്രമായി നിങ്ങളും കണ്ടാൽ മതി. അയാളുമായി സംസാരിക്കുന്പോൾ ഞാൻ അയാൾ ചെയ്ത കൊടും കുറ്റകൃത്യങ്ങൾ മറന്നുപോകും.
എനിക്ക് അയാൾ വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണ്. അങ്ങനെയൊരാളുടെ ഓർമകളെ ഒപ്പം സൂക്ഷിക്കുന്നതിൽ എന്താണ് തെറ്റ്? ആദ്യമായി ഡെന്നിസിനെ കാണാൻ പോയ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്.
അന്നു ഞാൻ വളരെയധികം ടെൻഷൻ അനുഭവിച്ചിരുന്നു. കാരണം ലോകം കണ്ട ഏറ്റവും ക്രൂരനായ ഒരു കൊലയാളിയെ കാണാനാണല്ലോ ഞാൻ പോകുന്നത്.
പക്ഷേ നേരിൽ കണ്ടുകഴിഞ്ഞപ്പോൾ ഭയവും അന്പരപ്പുമെല്ലാം മാറി. അയാളൊരു സാധാരണക്കാരനെപ്പോലെയായിരുന്നു.
സംസാരിച്ചിരുന്നതും പെരുമാറിയിരുന്നതും – ”” ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആൻഡ്രിയ പറഞ്ഞു.
കത്തുകളിലൂടെയാണ് ഇരുവരുടെയും സൗഹൃദം വളർന്നത്.
ജയിലിൽ കഴിയുന്ന ഡെന്നീസുമായി നിയമപരമായ നിയന്ത്രണങ്ങൾക്കുള്ളിൽനിന്നു പങ്കുവയ്ക്കാവുന്ന എല്ലാ വിവരങ്ങളും ഡെന്നിസ് ആൻഡ്രിയയോടു പറഞ്ഞിരുന്നു.
അതേസമയം, അയാളുടെ ക്രൂരതകൾക്കിരയായവരെയും അവരുടെ കുടുംബാംഗങ്ങളെയും ഓർത്ത് താൻ വിഷമിക്കാറുണ്ടെന്നും ദെസ് കാണുന്പോൾ ഈ വേദന ഇരട്ടിയാകുമെന്നും ആൻഡ്രിയ പറയുന്നു.
(തുടരും).