വണ്ണപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.
വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ തട്ടക്കുഴ തേക്കുംകാട്ടിൽ ടി.ആർ. രവീന്ദ്രനെ (53) യാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
വണ്ണപ്പുറം സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞദിവസം തൊഴിലുറപ്പ് ജോലിക്കിടെ കാലിൽ പരിക്കേറ്റിരുന്നു.
ഇതേത്തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആദ്യഘട്ട ചികിത്സ നടത്തി.
തുടർന്ന് വീടിന് സമീപത്തെ ആശുപത്രിയിൽ മുറിവ് ഡ്രസ് ചെയ്താൽ മതിയെന്ന് ജില്ലാ ആശുപത്രിയിൽ നിന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വണ്ണപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി.
ഡോക്ടറെ കണ്ടശേഷം മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ അറ്റൻഡർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ആശുപത്രിയിൽനിന്നും പോയ യുവതി പിന്നീട് ഭർത്താവിനെ കൂട്ടി വീണ്ടും ആശുപത്രിയിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു.
സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ കാളിയാർ എസ്ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അറ്റൻഡറെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
രണ്ട് ജീവനക്കാർ മാത്രമാണ് ഇന്നലെ അറ്റൻഡർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിൽ ഒരാൾ ചീട്ടെഴുതുന്ന ജോലിയിലായിരുന്നു.
പുരുഷ അറ്റൻഡർ ഡ്രസ് ചെയ്യുന്നതിൽ യുവതി എതിർപ്പ് അറിയിച്ചിരുന്നില്ല.
ഡ്രസിംഗ് കഴിഞ്ഞു പോകുന്പോൾ യാതൊരു പരാതിയും യുവതി ഉന്നയിച്ചില്ല.
വീട്ടിലേക്കു മടങ്ങിയ യുവതി ഭർത്താവിനെയും ഒരുകൂട്ടം ആളുകളേയും കൂട്ടി ആശുപത്രിയിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.