കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലായിൽ ശുചിത്വവും സുരക്ഷിതത്വവും നിലനിർത്തുന്നതിനായി പ്രത്യേക വസ്ത്രധാരണ നിബന്ധനകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സാരി, നൈറ്റി, ചുരിദാർ/സൽവാർ, ഷോൾ, സ്കാർഫ്, ശിരോ വസ്ത്രങ്ങൾ, ബുർക്ക/പർദ്ദ, ജീൻസ്, കാർഗോ പാന്റ്, ഷർട്ട്, മുണ്ട് തുടങ്ങിയ വസ്ത്രങ്ങൾ വാട്ടർ റൈഡുകൾ ഉപയോഗിക്കുമ്പോൾ ധരിക്കാൻ അനുവദിക്കുന്നതല്ല. പൂർണമായും പോളിയസ്റ്റർ, നൈലോണ്‍ വസ്ത്രങ്ങൾ മാത്രമേ വാട്ടർ റൈഡുകളിൽ അനുവദിക്കുകയുള്ളൂവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ മറ്റു റൈഡുകളിൽ സുരക്ഷാ കാരണങ്ങളാൽ സാരി, ഷോളുകൾ, സ്കാർഫുകൾ, ശിരോവസ്ത്രങ്ങൾ തുടങ്ങിയ അയഞ്ഞ വസ്ത്രങ്ങളും അനുവദിക്കുന്നതല്ല. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഈ വസ്ത്രധാരണ നിബന്ധനകൾ ബാധകമാണ്. സുരക്ഷയെ മുൻനിർത്തി ഈ വസ്ത്രങ്ങൾക്ക് പകരമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുളള വസ്ത്രങ്ങൾ വണ്ടർലാ പാർക്കിനുള്ളിലെ ഷോപ്പുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്.
വണ്ടർലായെ മികച്ച അമ്യൂസ്മെന്റ് പാർക്കായി മാറ്റുന്നതിനു നാളിതുവരെ സഹകരിച്ചുവരുന്ന സന്ദർശകരോട്, പാർക്കിന്റെ ശുചിത്വവും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി വസ്ത്രധാരണത്തിൽ വരുത്തുന്ന ഈ മാറ്റങ്ങളിലും സഹകരിക്കണമെന്ന് വണ്ടർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുണ്‍ കെ. ചിറ്റിലപ്പിള്ളി അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0484 2684009, 9744770000