കൊച്ചി: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മലപ്പുറം സ്വദേശിയായ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ലോഡ്ജ് ഉടമ തസ്ലീമ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
അതേസമയം തമിഴ്നാട് സ്വദേശിയായ ഇവര്‍ ക്രിസ്റ്റീന എന്ന വ്യാജപ്പേരിലാണ് ഇവിടെ താമസിച്ചിരുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വി ബേബി പറഞ്ഞു.
തസ്ലീമ എന്ന പേരുള്ള ഇവര്‍ ആള് മാറാട്ടം നടത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലാണ് താമസിച്ചിരുന്നത്.
ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നാലു ദിവസം മുമ്പാണ് മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള തീയതികളിലായിരുന്നു സംഭവം നടന്നത്.
കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക് മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിന് ലോഡ്ജ് ശരിയാക്കി നല്‍കിയത്.
ഇയാള്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ലോഡ്ജില്‍ യുവതി എത്തിയത്. അവിടെവച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി സലിംകുമാര്‍,
ഷമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി ഇന്‍ഫോപാര്‍ക്ക് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സലിംകുമാര്‍, ഷമീര്‍, അജ്മല്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.