ലോകത്തിലെ ആദ്യ വെർട്ടിക്കൽ ഫോറസ്റ്റും ഫോറസ്റ്റ് സിറ്റിയും നിർമിച്ച് ചൈന വാർത്തകളിൽ ഇടംപിടിച്ചിട്ട് അധികനാൾ ആയിട്ടില്ല. പാരിസ്ഥിതിക പ്രശ്നങ്ങളിൽ മറ്റു രാജ്യങ്ങളും ഇതോടെ ശ്രദ്ധയൂന്നിത്തുടങ്ങി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജപ്പാൻ തുടങ്ങാനൊരുങ്ങുന്ന പുതിയ പദ്ധതി. നൂതനരീതിയിൽ തടികൊണ്ട് ലോകത്തിലെ ആദ്യ കെട്ടിടസമുച്ചയം നിർമിക്കാനാണ് ജപ്പാനൊരുങ്ങുന്നത്.
സുമിടോമോ ഫോറസ്ട്രി എന്ന ജാപ്പനീസ് കമ്പനിതന്നെയാണ് പുതിയ സംരംഭത്തിനു പിന്നിൽ. 70 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണവസ്തുക്കളിൽ 90 ശതമാവും തടിയാണ്. ഭൂചലനം, കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും തടികൊണ്ടുള്ള ഈ കെട്ടിടത്തിനുണ്ടാകും.
350 മീറ്റർ ഉയരത്തിൽ പണിയുന്ന ഈ കെട്ടിടത്തിന് ഡബ്ല്യു350 എന്നാണ് പേരിട്ടിരിക്കുന്നത്. 1,85,000 ഘന മീറ്റർ തടി നിർമാണത്തിനു വേണ്ടിവരും എന്നാണു നിഗമനം. പദ്ധതിച്ചെലവ് 60,000 കോടി ജാപ്പനീസ് യെൻ അഥവാ 560 കോടി ഡോളർ (34,700 കോടി രൂപ).
വീട്, ഓഫീസ്, വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയുള്ള കെട്ടിടത്തിൽ ഓരോ നിലയിൽനിന്നു നോക്കിയാലും ചുറ്റും ഹരിതാഭയാർന്ന സസ്യങ്ങൾ കാണാനാകും. കെട്ടിടത്തിന്റെ നാലു വശത്തും ബാൽക്കണികളുമുണ്ട്. കൂടാതെ പൂർണമായും തടികൊണ്ടാണ് കെട്ടിടത്തിന്റെ ഉൾവശം നിർമിക്കുകയെന്ന് കമ്പനി പറയുന്നു.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും തടികൊണ്ടുള്ള നിർമാണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കെട്ടിടനിർമാണത്തിലൂടെ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.