സാഗ്രെബ്: മൂവായിരം വര്‍ഷം മുമ്പു തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സമുദ്ര പുരാവസ്തു ഗവേഷകര്‍.
ക്രൊയേഷ്യന്‍ തീരത്ത് സംബ്രാടിജ ഉള്‍ക്കടലിലാണ് 39 അടി നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംബ്രടിജ ബോട്ട് എന്ന് ഗവേഷകര്‍ ഇതിനു പേരു നല്കി.
ബിസി 12നും 10നുമിടയില്‍ പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച കപ്പലാണ് ഇതെന്നു ഗവേഷകര്‍ പറയുന്നു. നാരുകള്‍ ഉപയോഗിച്ചാണ് കപ്പലിന്റെ തടിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്.
ലോഹങ്ങൾ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.
ഇസ്ട്രിയ, ഡാല്‍മേഷ്യ പ്രദേശങ്ങളിലെ പുരാതന നാവിക പാരമ്പര്യത്തിന്റെ അതിജീവിക്കുന്ന അപൂര്‍വ ഉദാഹരണമായ ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ജൂലൈ രണ്ടു മുതല്‍ ആരംഭിക്കും.
മുങ്ങല്‍ വിദഗ്ധര്‍ കപ്പലിന്റെ കഷണങ്ങള്‍ ശ്രദ്ധാപൂര്‍വം കരയിലെത്തിക്കും. പുരാതനകാലത്തെ കപ്പൽ നിര്‍മാണ സാങ്കേതികവിദ്യ മനസിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സഹായിക്കുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.