മുക്കം: ഒട്ടുമിക്ക തൊഴിൽ മേഖലയിലും പുരുഷാധിപത്യം തകർത്തെറിത്ത് വനിതകൾ കടന്ന് ചെല്ലുന്നത് ഇന്ന് പുതുമയല്ല.എന്നാൽ കഠിനാധ്വാനവും, മെയ്ക്കരുത്തും ആവശ്യമായ തൊഴിൽ സ്ത്രീകൾ ജിവിത മാർഗമായി തിരഞ്ഞെടുക്കുന്നത് ഇന്നും അപൂർവതയാണ്.
ഇതാണ് മുക്കം നഗരസഭയിലെ പൊറ്റശേരി ഓരംകുഴിയിൽ തങ്കമണിയെ വ്യത്യസ്തയാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി ഈ 51 കാരി മരംവെട്ട് തൊഴിലായി സ്വീകരിച്ചിട്ട്. പേരിനോ, പ്രശസ്തിക്കോ വേണ്ടിയല്ല തങ്കമണി ഈ തൊഴിൽ സ്വീകരിച്ചത്.ജീവിത സാഹചര്യം അങ്ങിനെയാക്കി എന്ന് പറയുന്നതാവും ശരി.
ഇന്നിപ്പോൾ തങ്കമണി ഒരു നല്ല മരം വെട്ടുകാരിയാണ്. എത്ര വലിയ മരമായാലും തങ്കമണിക്ക് മുന്നിൽ അതൊരു വെല്ലുവിളിയേ അല്ല. 31 വർഷം മുമ്പ് തുടങ്ങിയ തൊഴിലാണിത്.അഞ്ച് മക്കളുള്ള കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു തങ്കമണി. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം തങ്കമണിയുടെ ചുമലിലായി.
അങ്ങനെ ഇരുപതാം വയസിൽ മരപ്പണിക്കാർക്കൊപ്പം ചുമടെടുക്കാനിറങ്ങിയതാണ്. ആദ്യകാലങ്ങളിൽ മഴു ഉപയോഗിച്ചായിരുന്നു മരം വെട്ടിയിരുന്നതെങ്കിൽ ഇപ്പോൾ മെഷിൻ വാൾ ഉപയോഗിച്ചായതോടെ പണി കൂടുതൽ എളുപ്പമായെന്ന് തങ്കമണി പറയുന്നു.
ആദ്യകാലത്ത് ജോലിക്ക് വിളിക്കുമ്പോൾ ആളുകൾക്ക് തന്റെ കഴിവിൽ സംശയമായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറി ഒഴിവില്ലാത്ത വിധം തൊഴിൽ ലഭിക്കുന്നതായും അവർ പറഞ്ഞു.തമിഴ്നാട് സ്വദേശി രമേശ് തങ്കമണിയുടെ സഹായത്തിനായി ഒപ്പമുണ്ട്.
പരുപരുത്ത ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ, ഏതു പ്രവൃത്തിയും ഏറ്റെടുത്ത് ചെയ്ത് അതിനെ അതിജയിക്കാമെന്നുള്ള പാഠം കൂടിയാണ് തങ്കമണി പകർന്ന് നല്കുന്നത്.