കാസര്‍ഗോഡ്: വനംവകുപ്പ് 5.93 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മരത്തടികള്‍ റവന്യൂ വകുപ്പ് പുനര്‍ലേലം നടത്തിയപ്പോള്‍ കിട്ടിയത് വെറും 50,000 രൂപ.
ആദ്യലേലങ്ങളില് മൂന്നുലക്ഷം രൂപ വരെ വില പറഞ്ഞിരുന്നെങ്കിലും അത് അംഗീകരിക്കാതെ കാലതാമസം വരുത്തി ഒടുവില്‍ 50,000 രൂപയ്ക്ക് ലേലമുറപ്പിച്ചത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
2019 ഒക്ടോബറില്‍ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക മുതല്‍ ആദൂര്‍ വരെയുള്ള ഭാഗത്ത് പാതയോരത്തുനിന്ന് മുറിച്ചുമാറ്റിയ അക്കേഷ്യ മരങ്ങളാണ് കാലം വൈകി ചുളുവിലയ്ക്ക് ലേലം ചെയ്തൊഴിവാക്കിയത്.
മുള്ളേരിയയില്‍ ഓടുന്ന കാറിനുമുകളിലേക്ക് മരം വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. മരങ്ങള്‍ മുറിക്കുന്ന പ്രവൃത്തിക്കു തന്നെ ഒരു ലക്ഷം രൂപയിലേറെ ചെലവായിരുന്നു.
മുറിച്ചുമാറ്റുന്ന മരങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം വനംവകുപ്പിനും ലേലം ചെയ്തു വില്‍ക്കാനുള്ള ചുമതല റവന്യൂ വകുപ്പിനുമാണ്.
മുറിച്ചുമാറ്റിയ മരങ്ങള്‍ കാലങ്ങളോളം മഴയും വെയിലും കൊണ്ട് കിടക്കാനിടയായാല് വില കുറയുമെന്നതിനാല്‍ മുറിച്ചുമാറ്റുന്ന സമയത്തുതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മരങ്ങളുടെ കണക്കെടുക്കുകയും ചെയ്തിരുന്നു.
മുന്നൂറിലേറെ തടികളാണ് ആകെ ലഭിച്ചത്. ഇതിനാണ് വനംവകുപ്പ് 5.93 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച് റവന്യൂ വകുപ്പിനെ അറിയിച്ചത്.
എട്ടുപേരാണ് ആദ്യലേലത്തില്‍ പങ്കെടുത്തത്. ഇതിലാണ് മൂന്നുലക്ഷം രൂപ വരെ വിളി വന്നത്. എന്നാല്‍ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാള്‍ കുറവായതിനാല്‍ ലേലമുറപ്പിച്ചില്ല. പിന്നീട് ഇതേ അടിസ്ഥാനവിലയുമായി രണ്ടുതവണ കൂടി ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല.
ഇതിനകം മഴയും മഞ്ഞും വെയിലുമൊക്കെയായി മാസങ്ങളേറെ കടന്നുപോയിരുന്നു. ഒടുവില്‍ അടിസ്ഥാനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ വനംവകുപ്പിന് കത്തുനല്‍കി.
ഒരുവട്ടം നിശ്ചയിച്ച വില കുറയ്ക്കാന്‍ സാധ്യമല്ലെന്നും എന്നാല്‍ കാലാനുസൃതമായി ഉചിതമായ വില നിശ്ചയിച്ച് ലേലം നടത്താനുള്ള അധികാരം റവന്യൂവകുപ്പിനുതന്നെ ഉണ്ടെന്നും കാണിച്ച് വനംവകുപ്പ് മറുപടി നല്കി.
ഇതും കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞദിവസം വീണ്ടും ലേലം നടത്തുകയും 50,000 രൂപയ്ക്ക് ലേലമുറപ്പിക്കുകയും ചെയ്തത്.
നേരത്തേ ലേലത്തില്‍ പങ്കെടുത്തിരുന്നവരെ അറിയിക്കാതെയാണ് പുനര്‍ലേലം നടത്തിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അടിസ്ഥാനവില കുറച്ച കാര്യവും അധികമാരെയും അറിയിച്ചിരുന്നില്ല.
ഇത്രയും കുറഞ്ഞ തുകയ്ക്ക് തടികള്‍ മറിച്ചുനല്‍കിയതില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി ആദ്യലേലത്തില്‍ പങ്കെടുത്ത ഒരാള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.