കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്.
പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്.
ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.
മലയാളി പ്രളയത്തെയും ഉരുള്പൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വര്‍ഷങ്ങളില്‍ എല്ലാം ഈ വാചകവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും മഴ തോരുന്നത് വരെ സോഷ്യല്‍ ലോകത്ത് നിറഞ്ഞുനില്ക്കുന്നത് പതിവ് കാഴ്ചയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഒരിക്കല്‍ അവര്‍ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സര്‍ക്കാരിന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് കേരളത്തെ ഇളക്കിമറിച്ച വിവാദമായി ഇതിനെ ഒരു വിഭാഗം വളര്‍ത്തിയെടുത്തു.
ഇന്നും ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗില്‍.
അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്ന ദുരന്തങ്ങളാണ് ഓരോ വര്‍ഷവും ഇപ്പോള്‍ കേരളം നേരിടുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ പ്രതികരിക്കുന്നത്.