ന്യൂഡൽഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും “വർക്ക് അറ്റ് ഹോം’ രീതിയാണ് പിൻതുടരുന്നതെങ്കിലും ലോക് കല്യാണ്‍ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരക്കിനു കുറവൊന്നുമില്ല.
പ്രധാനമന്ത്രിയെ കാണാൻ ഇപ്പോഴും സന്ദർശകരെ അനുവദിക്കുന്നുണ്ട്. എന്നാൽ കർശന പരിശോധനകൾക്കുശേഷം മാത്രമാണ് ഇവരെ കടത്തിവിടുന്നത്. ആരോഗ്യം, യാത്രാരേഖകൾ തുടങ്ങിയവ സംബന്ധിച്ച വിശദമായ പരിശോധനകൾക്കുശേഷം മാത്രമാണ് പ്രധാനമന്ത്രിയെ കാണാൻ ഇവരെ അനുവദിക്കുന്നത്.
ഫലയുകളും മറ്റും കൃത്യമായി പരിശോധിക്കുന്ന പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്തിമാരുമായി എല്ലാ ദിവസവും വീഡിയോ കോണ്‍ഫറൻസ് നടത്തുന്നു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ഓരോ സംസ്ഥാനത്തേയും കാര്യങ്ങൾ അദ്ദേഹം വിശദമായി വിലയിരുത്തുന്നു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുയർന്നു വരുന്ന വിഷയങ്ങളും മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്.
കൊറോണ പ്രതിരോധത്തിനുള്ള പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവർ തലവന്മാരായ പ്രത്യേക സമിതിയുടെ പ്രവർത്തനങ്ങളേയും വീഡിയോ കോണ്ഫറൻസു വഴി പ്രധാനമന്ത്രി വിലയിരുത്തുന്നു.
പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വിഷയങ്ങൾ അതാതു മന്ത്രിമാരുമായി മോദി എല്ലാ ദിവസവും ചർച്ച നടത്തുന്നുണ്ട്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായിഇന്ന് പ്രധാനമന്ത്രി ചർച്ച നടത്തും.