വിവാദങ്ങളില്‍ നിന്നൊഴിഞ്ഞിട്ട് നേരമില്ലെന്നായിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്. തന്റെ സ്വപ്‌ന പദ്ധതിയായ സിഎം ഹെല്‍പ്പ് ലൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പുതിയ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. തങ്ങളെ കാപ്പിയില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണമാണ് തൊഴിലാളി സ്ത്രീകള്‍ ഉന്നയിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കോള്‍ സെന്ററിലെ പത്തോളം പെണ്‍കുട്ടികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് കോള്‍സെന്ററിലെ പീഡനകഥകളെക്കുറിച്ച് ആരോപണമുയരുന്നത്. 2017 ഡിസംബറില്‍ കോള്‍സെന്റര്‍ ആരംഭിച്ചതില്‍ പിന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഉത്തര്‍പ്രദേശിലെ ഗോമതിനഗറില്‍ സ്ഥാപിച്ചിട്ടുളള കോള്‍സെന്ററിലെ 200 ഓളം ജീവനക്കാര്‍ മാസങ്ങളായി പ്രതിഷേധ സമരത്തിലാണ്.
മൂന്ന് മാസത്തോളമായി ശമ്പളയിനത്തില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇന്നലെ സമരക്കാരെ പ്രത്യേകമായി യോഗത്തിനു ക്ഷണിക്കുകയും വെളള പേപ്പറില്‍ ഒപ്പിട്ടു വാങ്ങാനും ശ്രമം നടന്നു. മുദ്ര പതിപ്പിച്ച വെളള പേപ്പറില്‍ ഒപ്പിട്ടു നല്‍കാതിരുന്നവര്‍ക്ക് യോഗത്തില്‍ വിതരണം ചെയ്ത കാപ്പിയില്‍ വിഷം ചേര്‍ത്തു നല്‍കി എന്നാണ് സ്ത്രീകളുടെ ആരോപണം. എന്നാല്‍ ശാരീരിക അവശതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് യുപിയിലെ പോലീസിന്റെ വിശദീകരണം.
യോഗത്തില്‍ നല്‍കിയ കാപ്പി കുടിച്ചതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 20 ലക്ഷത്തോളം തൊഴിലുകള്‍ നിര്‍മിക്കുമെന്നായിരുന്നു അധികാരത്തിലെത്തിയപ്പോള്‍ യോഗിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ ആരോപണം.