കാസര്‍ഗോഡ്: കരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവില്‍ എസ്റ്റേറ്റ് മാനേജരുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥീരീകരണം.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പാര്‍ഥിവ് എന്ന രമേശന്‍ (20) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയാണ് കുമ്പളപ്പള്ളിയിലെ കരിമ്പില്‍ എസ്റ്റേറ്റ് മാനേജര്‍ കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങ പാടാന്‍ ചിണ്ടന്‍(77) എസ്റ്റേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ രമേശും മാനേജര്‍ ചിണ്ടനും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.
ജോലിയില്‍ അലസതയും തട്ടിപ്പും നടത്തി വന്നിരുന്ന രമേശനെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് മാനേജര്‍ പറഞ്ഞിരുന്നു. ഒരുമാസം മുന്‍പാണ് രമേശന്‍ കുമ്പളപ്പള്ളി എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്. രമേശന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി കരിമ്പില്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളാണ് ഈ ബന്ധത്തിലാണ് അമ്മാവന്‍ ലോകേഷും രമേശനും ഇവിടെ ജോലിക്കെത്തിയത്.
ശനിയാഴ്ച തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കി ചിണ്ടന്‍ വീട്ടിലേക്ക് മടങ്ങവെ ചൂരപ്പടവ് വളവില്‍ വച്ചു ചിണ്ടനെ രമേശ് വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് തലയില്‍ അടിക്കുകയും കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയുമായിരുന്നു. അതിനുശേഷം ചിണ്ടന്റെ കയ്യിലുണ്ടായിരുന്ന 13,000,രൂപയുമായി പ്രതിയായ രമേശന്‍ അമ്മ താമസിക്കുന്ന എസ്റ്റേറ്റിലെ വീട്ടിലെത്തുകയായിരുന്നു.
സംഭവത്തിനു ശേഷം എസ്‌റ്റേറ്റ് തൊഴിലാളികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് രമേശന്‍ നല്‍കിയത്. ഇതാണ് ഇയാള്‍ക്ക് വിനയായതും. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ തിങ്കളാഴ്ച കുമ്പളപ്പള്ളിയില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രതിക്ക് നേരെ കയ്യേറ്റം ഉണ്ടായതോടെ വെള്ളരിക്കുണ്ട് സി.ഐ.എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഭവസ്ഥലത്തു നിന്നും പ്രതിയുമായി മടങ്ങിയത്. തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ സ്ഥലം സന്ദര്‍ശിച്ചു. അറസ്റ്റിലായ രമേശനെ പോലീസ് കോടതിയില്‍ ഹാജരാക്കി.