കൊച്ചി: സ്കൂള്‍ പ്രവൃത്തിദിനങ്ങൾ 220 ആക്കിയത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണോ എന്നും ഈ വിഷയത്തില്‍ പ്രായോഗികമായി പരിഹാരം കാണാന്‍ കഴിയില്ലേയെന്നും ഹൈക്കോടതി.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സര്‍ക്കാരിന്റെ മറുപടിക്കായി ഹര്‍ജി മാറ്റി.
സ്വകാര്യ സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് അധ്യയനദിവസം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബന്ധപ്പെട്ടവരെ കേട്ടശേഷം വേണം തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അധ്യാപകരുടെയടക്കം അഭിപ്രായം തേടാതെയാണു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് അസോസിയേഷന്റെ ആക്ഷേപം.
പ്രൈമറി മേഖലയിലടക്കം അധ്യയനദിവസം 220 ആക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളുടെപോലും പിന്‍ബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരുമാനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് അധ്യാപക സംഘടനയുടെ ആവശ്യം.
പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹർജിക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മാനേജര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി. സ്കൂളുകളില്‍ സ്കൗട്ടും എന്‍എസ്എസും അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വര്‍ഷങ്ങളായുള്ള രീതിയാണു മാറ്റിയതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.