ജോലിക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കമ്പനിക്കാർ അവധി നൽകാറുണ്ട്. അതിനു പുറമെ എന്തെങ്കിലും ആവശ്യത്തിനു ജീവനക്കാർ ലീവും എടുക്കാറുണ്ട്. എന്നാൽ ചൈനയിലെ ഒരു കന്പനിയിലെ ജീവനക്കാരന് 104 പ്രവർത്തി ദിവസങ്ങളിൽ ഒരു അവധിപോലും ഓഫീസർ കൊടുത്തില്ല.
അതോടെ 30 കാരനായ ഇയാളുടെ അവയവങ്ങൾ തകരാറിലാവുകയും പിന്നാലെ മരണപ്പെടുകയും ചെയ്തു. ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആബാവോ എന്ന യുവാവാണ് മരണപ്പെട്ടത്. ന്യൂമോകോക്കൽ അണുബാധ മൂലമുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറ് മൂലമാണ് അബാവോ മരിച്ചതെന്ന് കോടതി കണ്ടെത്തി.
പ്രസ്തുത കമ്പനിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് പെയിന്ററായി അബാവോ ജോലിയിൽ കയറിയത്. കന്പനിയുമായി കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു. ഈ വർഷം ജനുവരി വരെ നീളുന്നതായിരുന്നു കരാർ.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ 104 ദിവസമാണ് അബാവോ ജോലി ചെയ്തത്. അതിനിടയിൽഏപ്രിൽ 6 ന് ഒരു വിശ്രമദിനം മാത്രം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്. ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 25 -ന് അദ്ദേഹം ജോലിക്ക് പോയില്ല. തൊട്ടടുത്തുള്ള രണ്ടുദിവസങ്ങളിലും അദ്ദേഹം വീണ്ടും ജോലിക്ക് എത്തി.
മെയ് 28 -ന്, അബാവോയുടെ അവസ്ഥ വഷളായി. ശ്വാസകോശത്തിലെ അണുബാധയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജൂൺ ഒന്നിന് അദ്ദേഹം മരിച്ചു. ഇയാളുടെ മരണത്തോടെ ചൈനയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.