കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നുവെന്നുകണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍.
ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ ഗുരുതര നിയമപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി വനിതാ വികസന ഡയറക്ടര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതിനായി ജില്ലാ ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ സെക്ഷന്‍ (5) പ്രകാരം 10 ല്‍ താഴെ തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗിക പീഡന പരാതി സ്വീകരിക്കുന്നതിന് ലോക്കല്‍ കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥയുണ്ട്.
അതിനിടെ 2013 ഡിസംബര്‍ ഒന്‍പതിന് കേന്ദ്ര സര്‍ക്കാര്‍ 2013 നിയമത്തിലെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു നടപ്പിലാക്കി. നിയമം നടപ്പിലാക്കുന്നതിനായി പോഷ് ആക്ട് കംപ്ലയിന്‍സ് പോര്‍ട്ടല്‍ കേരളത്തില്‍ നിലവില്‍ വരുകയും ചെയ്തു. എന്നിട്ടും വിവിധ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ പൂര്‍ണ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ ബോധവത്കരിക്കാനുള്ള നീക്കം.