വര്‍ക്ക്‌ഷോപ്പ് ഇടിച്ചു നിരത്താന്‍ ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തത് പോലീസ്; കേസു കൊടുക്കാനെത്തിയ യുവാവിനെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു; സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനെ എസ്‌ഐ വിളിച്ചത് പച്ചത്തെറി…

കൊച്ചി: വര്‍ക്ക്‌ഷോപ്പ് ഗുണ്ടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. മാത്രമല്ല വര്‍ക്ക്‌ഷോപ്പ് പൊളിക്കാന്‍ ഗുണ്ടകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.ചേര്‍ത്തല സ്വദേശി ബിനീഷിനാണ് പോലീസില്‍ നിന്ന് ഈ ദുരനുഭമുണ്ടായത്.ഞായറാഴ്ചയായിരുന്നു  സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവര്‍ത്തിക്കുന്ന ബിനീഷിന്റെ വര്‍ക്ക് ഷോപ്പ് ഒരു കൂട്ടം ആളുകള്‍വന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണില്‍ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബിനീഷ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും ബിനീഷിന് ഫോണ്‍ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ വരണമെന്ന്. അപ്പോള്‍ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിന്‍ കുമാറും സി.പി.ഒ ശ്രീ രാജും ചേര്‍ന്ന് വ്യാജ സന്ദേശം നല്‍കി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരേ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒന്നും കണ്ടില്ലയെന്നായിരുന്നു പോലീസിന്റെ വാദം. യഥാര്‍ഥത്തില്‍ ഗുണ്ടകള്‍ക്ക് വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും പൊളിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു പോലീസ്. ബിനീഷിനെ തടഞ്ഞുവെച്ചു എന്നറിഞ്ഞ് സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്ത നല്‍കിയതോടെ എസ്‌ഐ ബിനീഷിനെ വിട്ടയയ്ക്കുകയായിരുന്നു. തിരികെ വര്‍ക്ക്‌ഷോപ്പ് നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ അങ്ങനൊരു സ്ഥാപനം നിവനിന്നിരുന്നില്ല എന്ന രീതിയില്‍ ഗുണ്ടകള്‍ പൊളിച്ചു മാറ്റിയിരുന്നു.

ബിനീഷും ഭൂവുടമയും തമ്മില്‍ ആറു മാസത്തിലേറെയായി തര്‍ക്കമുണ്ട്. പരാതിയില്‍ തെളിവെടുപ്പിനായി കോടതി നിയോഗിച്ച ആമീന്‍ എത്തുംമുന്‍പായിരുന്നു അക്രമം തെളിവ് നശിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരാഴ്ചയായി തുറക്കാന്‍ കഴിയാത്ത വര്‍ക്ക്‌ഷോപ്പ് ഞായറാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകള്‍ പൂട്ടുപോളിച്ചു കയറി തകര്‍ക്കുകയായിരുന്നു. രാവിലെ പക്ഷെ തന്റെ സ്ഥാപനം അക്രമികള്‍ പൊളിച്ചതിന്റെയും വാഹനങ്ങള്‍ കടത്തി കൊണ്ടുപോയത്തിന്റെയും പൂര്‍ണ വിവരം സഹിതം പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ബിനീഷിനെതിരെ കേസെടുക്കും എന്നായിരുന്നു എസ്ഐ കെ ജി വിപിന്‍ കുമാറിന്റെ ഭീഷണി. ബിനീഷിന് വിവരം നല്‍കിയ ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തില്ലെങ്കില്‍ പുറത്തുവിടില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ വെട്ടിലായ ബിനീഷ് മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെടുകയായിരുന്നു.

ഒരു ദിവസം പിന്നിട്ടിട്ടും ഈ വിഷയത്തില്‍ പക്ഷം പിടിച്ചുള്ള പാലാരിവട്ടം പൊലീസിന്റെ ഇടപെടല്‍ മനസിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ തന്റെ നമ്പര്‍ എസ്.ഐയ്ക്ക് നല്കിക്കൊള്ളാന്‍ ബിനീഷിനോട് പറഞ്ഞു. തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ ഫോണില്‍ വിളിച്ച എസ്ഐ വിപിന്‍ കുമാര്‍ നീ ഇങ്ങോട്ട് വാ നിന്നെ ഞാന്‍ കാണിച്ചു തരാം എന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകന്‍ നേരിട്ട് സ്റ്റേഷനിലെത്തുന്നതും ബിനീഷിന്റെ ആവശ്യപ്രകാരം കേസെടുക്കുകയും ചെയ്തത്. ഇതിനു ശേഷം ബിനീഷിനെ വിട്ടയയ്ക്കുകയും ചെയ്തു.

കണ്‍ട്രോള്‍ റൂമില്‍ പരാതി വിളിച്ചു പറയുന്ന സമയത്ത് പരാതിക്കാരന്റെ വര്‍ക്ക്‌ഷോപ്പ് അക്രമികള്‍ പൊളിക്കാന്‍ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. പരാതിക്കാരനെ പാലാരിവട്ടം സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുന്ന നേരത്ത് വര്‍ക്ക്‌ഷോപ്പ് മുഴുവന്‍ പൊളിച്ചടുക്കി. സ്റ്റേഷനിലെ ഭീഷണിയെല്ലാം അതിജീവിച്ച് വര്‍ക്ക്‌ഷോപ്പ് ഉടമ പുറത്തിറങ്ങുമ്പോള്‍ അങ്ങനെയൊരു സ്ഥാപനം അവിടെ ഉണ്ടായിരുന്നില്ല എന്ന തരത്തിലാക്കി. പരാതിയെ തുടര്‍ന്ന് കോടതി നിയോഗിച്ച ആമീന്‍ സ്ഥലത്ത് എത്തുമ്പോള്‍ വര്‍ക്ഷോപ് നിന്ന സ്ഥലത്ത് ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ആകെ ഇടിച്ചു നിരത്തി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെ ചെയ്തതെന്ന് വ്യക്തമാണ്. ആകെയുള്ള ഉപജീവനമാര്‍ഗം ഇല്ലാതായതിനാല്‍ തനിക്കു മുമ്പില്‍ ആത്മഹത്യ മാത്രമാണ് അവശേഷിക്കുന്നതെന്ന് ബിനീഷ് പറയുന്നു.

 

 

Related posts