പയ്യന്നൂര്: പയ്യന്നൂര് കണ്ടോത്ത് വര്ക്ക്ഷോപ്പ് ഗാരേജില് വന് തീപിടിത്തത്തിൽ രണ്ടുവാഹനങ്ങള് പൂര്ണമായും മൂന്ന് വാഹനങ്ങള് ഭാഗികമായും കത്തിനശിച്ചു. ഇന്നുപുലര്ച്ചെ ഒന്നോടെ കണ്ടോത്ത് പെട്രോള് പമ്പിന് സമീപത്തെ ടിപി ഓട്ടോ ഗാരേജിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാ അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികള് തീര്ത്തശേഷം ഉടമകള്ക്ക് കൈമാറാനായി സൂക്ഷിച്ച വാഹനങ്ങളാണ് തീപിടിത്തത്തില് കത്തി നശിച്ചത്. ഹോണ്ടോ, ബൊലീറോ വാഹനങ്ങളാണ് പൂര്ണമായും കത്തി നശിച്ചത്. ആള്ട്ടോ കാറുള്പ്പെടെ മൂന്നുവാഹനങ്ങള് ഭാഗികമായും കത്തിയിട്ടുണ്ട്. തീപിടിത്ത വിവരമറിഞ്ഞ് പയ്യന്നൂര് അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന് ഓഫീസര് പി.വി.പ്രകാശ്കുമാര് അസി.സ്റ്റേഷന് ഓഫീസര് സി.പി. ഗോകുല്ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടുയൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.
ആളിപ്പടര്ന്ന തീയില് ഗാരേജിന്റെ മേല്ക്കൂരയുടെ ഫൈബര് ഗ്ലാസ് ഷീറ്റുള്പ്പെടെ ഉരുകിയൊലിച്ചു. പൂര്ണമായും കത്തിനശിച്ച വാഹനങ്ങളില് ഒന്നില്മാത്രമാണ് ബാറ്ററിയുണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ നിലയം അധികൃതര് പറഞ്ഞു. ഇതില്നിന്നുള്ള ഷോര്ട്ട് സര്ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അറ്റകുറ്റപ്പണികള്ക്കായി കൊണ്ടുവന്ന നിരവധി വാഹനങ്ങളാണ് ഗാരേജിലുണ്ടായിരുന്നത്. അഗ്നിരക്ഷാസേനയുടെ ഇടപെടലാണ് മറ്റുവാഹനങ്ങള് അഗ്നിക്കിരയാകാതെ രക്ഷപ്പെടുത്താനിടയാക്കിയത്.
കൂടാതെ ഒരുമതിലിന്റെ മാത്രം വ്യത്യാസത്തിലുള്ള ഇന്ത്യന് ഓയില് കോര്പറേഷന്റെ പെട്രോള് പമ്പിലേക്ക് തീപടരാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള പ്രവര്ത്തനത്തിലൂടെ വന് ദുരന്തംകൂടിയാണ് ഒഴിവായത്. വാഹന ഉടമകളെത്തിയാല് മാത്രമേ നഷ്ടത്തിന്റെ കണക്കുകളെടുക്കാന് കഴിയുകയുള്ളു. ഗാരേജ് ഉടമ കണ്ടോത്തെ ടി.പി. നിതു പയ്യന്നൂര് പോലീസില് പരാതി നല്കി.