മലപ്പുറം: സംസ്ഥാനത്ത് മോട്ടോർ ബൈക്കുകൾ ഉൾപ്പടെ വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റ പണികൾ നടത്തുന്നതിനായി വർക്ക്ഷോപ്പുകൾക്കും സ്പെയർ പാർട്സ് കടകൾക്കും നിയന്ത്രണങ്ങളോടെ സർക്കാർ പ്രവർത്തനാനുമതി നൽകി.
ചരക്ക് നീക്കങ്ങൾക്ക് തടസമില്ലാതാക്കുന്നതിനായി പൊതുവായ ലോക് ഡൗണ്‍ നിബന്ധനകളിൽ നിന്ന് ലോറികളുടെ അറ്റകുറ്റ പണികൾ നടത്തുന്ന വർക്ക്ഷോപ്പുകളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
വാഹനങ്ങളുടെ ടയർ, ബാറ്ററി സംബന്ധിച്ച ജോലികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഇതോടൊപ്പം അനുമതി ലഭിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തനാനുമതി. സൈറ്റുകളിൽ നേരിട്ടെത്തി റിപ്പയർ ജോലികൾ ചെയ്യുന്നവർക്ക് 24 മണിക്കൂറും പ്രവർത്തിക്കാവുന്നതാണ്.
പെയിന്റിംഗ്, അപ്ഹോൾസ്റ്ററി, ഡീറ്റെയ്ലിംഗ്, വാഷിംഗ് ഉൾപ്പടെ ജോലികൾക്ക് ഇക്കാലയളവിൽ അനുമതിയില്ലെങ്കിലും ഇൻഷ്വറൻസിന്റെ ഭാഗമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിന് തടസങ്ങളില്ല.
വർക്ക് ഷോപ്പുകളുടെ വലിപ്പത്തിന് ആനുപാതികമായി തൊഴിലാളികളുടെ എണ്ണം കുറച്ചാണ് ലോക് ഡൗണ്‍ കാലയളവിൽ പ്രവർത്തിപ്പിക്കേണ്ടത്. സാധാരണ നിലയിൽ പതിനഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന വർക്ക്ഷോപ്പുകളിൽ പരമാവധി എട്ട് പേർ മാത്രമേ ഉണ്ടാകാവൂ.
തൊഴിലാളികളുടെ എണ്ണം എട്ട് മുതൽ പതിനാല് വരെയുണ്ടായിരുന്ന വർക്ക്ഷോപ്പുകളിൽ അഞ്ചും, മൂന്ന് മുതൽ ഏഴ് വരെ തൊഴിലാളികളുള്ളിടത്ത് മൂന്നും, രണ്ട് പേർ ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പുകളിൽ ഒരാൾക്കും മാത്രമാണ് അനുമതി.
തിന് വിരുദ്ധമായി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിരീക്ഷിക്കുന്നതിനായി ലേബർ കമ്മീഷണർക്ക് നിർദേശവും നൽകിയിട്ടുണ്ട്.