തൃശൂർ: പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്റെ പ്രത്യേക സംഘം നാളെ ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന വകുപ്പുതല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 8.30 ന് ചാലക്കുടിയിൽ ലോകബാങ്ക് സംഘം അവലോകനം നടത്തും. ജില്ലയിൽ പ്രളയം ഏറെ ബാധിച്ച വിവിധ സ്ഥലങ്ങളും സന്ദർശിക്കും.
വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ കളക്ടർ വിലയിരുത്തി. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ വിശദാംശങ്ങൾ, പൊതുനാശനഷ്ടങ്ങൾ, സാനിട്ടേഷൻ പ്രവർത്തനങ്ങൾ, ശുചീകരണം, ടോയ്ലറ്റ് സംവിധാനങ്ങളുടെ നിലവിലെ അവസ്ഥ, തകർന്ന റോഡുകളുടെ നിജസ്ഥിതി, പ്രളയബാധിത മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിയവയും ജില്ലാ കളക്ടർ ആരാഞ്ഞു.
സബ് കളക്ടർ ഡോ. രേണുരാജ്, അസിസ്റ്റന്റ് കളക്ടർ പ്രേം കൃഷ്ണൻ, ഇരിങ്ങാലക്കുട ആർഡിഒസി റെജിൽ, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.