വാഷിംഗ്ടണ് ഡിസി: കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും നിയന്ത്രണ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും വേണമെന്ന് ലോക ബാങ്ക് റിപ്പോർട്ട്.
2047-ഓടെ ഇന്ത്യ ഉയർന്ന വരുമാനമുള്ള രാജ്യമാകണമെങ്കിൽ, പ്രതിശീർഷ വരുമാനം ഇപ്പോഴുള്ളതിന്റെ എട്ടിരട്ടിയോളം വളരണമെന്നും റിപ്പോർട്ട് എടുത്തുകാട്ടുന്നു.
ഇന്ത്യയുടെ ദേശീയ പ്രതിശീർഷ വരുമാനം (ജിഎൻഐ) 2023ൽ 2,540 യുഎസ് ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പരാമർശിച്ചു.
ഉത്പാദനക്ഷമതയും സാന്പത്തിക വിപുലീകരണവും വർധിപ്പിക്കുന്നതിൽ വ്യാപാരത്തോടുള്ള തുറന്ന മനോഭാവം പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഒരു ദശാബ്ദം മുന്പുള്ളതിനേക്കാൾ ഇന്ത്യയിൽ കുറഞ്ഞ വ്യാപാരമാണ് നടക്കുന്നത്.
സേവന കയറ്റുമതിയിൽ, പ്രത്യേകിച്ച് ഐടിയിലും ബിസിനസ് പ്രോസസ് ഒൗട്ട്സോഴ്സിംഗിലും (ബിപിഒ) രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, സന്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വ്യാപാര വിഹിതം കുറഞ്ഞു.
2023ൽ, ഇന്ത്യയുടെ ജിഡിപിയിൽ ചരക്ക് സേവന കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പങ്ക് 46% ആയിരുന്നു. ഇത് 2012ലെ ഏറ്റവും ഉയർന്ന 56%-ത്തേക്കാൾ കുറവാണ്. താരതമ്യേന ഉയർന്ന ഇറക്കുമതി തീരുവകൾ-പ്രത്യേകിച്ച് ഇന്റർമീഡിയറ്റ്, ക്യാപിറ്റൽ ഗുഡ്സ്- തീരുവ ഇതര തടസങ്ങൾക്കൊപ്പം, വ്യാപാരച്ചെലവ് ഉയർത്തിയതായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.
ഇത്, ഗ്ലോബൽ വാല്യു ചെയിൻ (ജിവിസി) സന്പൂർണമായി സംയോജിപ്പിക്കുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കി.