ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത അനക്കോണ്ട വർഗത്തെ ആമസോണിൽ കണ്ടെത്തി. 500 കിലോ ഭാരം കണക്കാക്കുന്ന ഈ പാമ്പിന് 26 അടി നീളത്തിൽ വളരാൻ കഴിയും. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമേറിയ പാമ്പാണിത്.
അനക്കോണ്ടയുടെ 4 സ്പീഷിസുകളെ കുറിച്ചാണ് ഇതുവരെ നമ്മൾ കേട്ടിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും വലുത് ഗ്രീൻ അനക്കോണ്ട എന്ന വിഭാഗമായിരുന്നു. ഇവ തെക്കൻ അമേരിക്കയുടെ ട്രോപ്പിക്കൽ ഭാഗങ്ങളിലാണ് ജീവിക്കുന്നത്. ആമസോൺ, ഒറിനോകോ, ഇസേക്വിബോ നദീതടങ്ങളിലൊക്കെ ഇവയെ കാണാം.
വളരെ വേഗത്തിൽ പായാനുള്ള ഇവയുടെ കഴിവും ഇരയെ കെട്ടിവരിഞ്ഞു മുറുക്കിക്കൊല്ലാനുമുള്ള കഴിവും ഈ പാമ്പുകളെ അപകടകാരികളാക്കുന്നു. അതേസമയം, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വലിയ പാമ്പ് ഈ ഗ്രീൻ അനേക്കോണ്ടയുടെ മറ്റൊരു വകഭേദമാണെന്നാണ് ഗവേഷകർ പറയുന്നത്.
ആമസോൺ നദിയിലൂടെ വഞ്ചിയിൽ യാത്ര ചെയ്താണ് ഇവയെ ശാസ്ത്രജ്ഞർ കണ്ടെത്തി ചിത്രങ്ങളും വീഡിയോകളും എടുത്തത്. സാധാരണയായി തെക്കൻ മേഖലകളിൽ കാണപ്പെടുന്ന അനക്കോണ്ടകളുടെ കൂട്ടത്തിൽ നിന്നും ഒരു കോടി വർഷം മുൻപാണ് ഈ പാമ്പുകൾ മാറിപ്പോയത്. ഈ രണ്ട് പാമ്പുകളും തമ്മിൽ 5.5 ശതമാനം ജനിതക വ്യത്യാസമാണുള്ളത്.