ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് മത്സരത്തിനായി ഡിങ് ലിറനും ഡി. ഗുകേഷും ഇരിപ്പിടത്തിലെത്തിയപ്പോൾ, ചൈനയുടെ മുൻ ലോക വനിത ചാന്പ്യൻ ക്സീ യുനും അഞ്ചു തവണ ലോക ചാന്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും ക്ഷണിതാക്കളായി ഇരുവർക്കുമരികിൽ.
ക്സീ യുൻ, ലിറനായി വെള്ളകരുക്കൾ നീക്കിയും ആനന്ദ് ഗുകേഷിനായി കറുത്ത കരുക്കൾ നീക്കിയും മത്സരത്തിനു തുടക്കമിട്ടു. നാലാം ഗെയിം 42 നീക്കങ്ങൾക്കുശേഷം സമനിലയിലയായപ്പോൾ 2-2 എന്ന സ്കോറിന് ഇരുവരും തുല്യതയിലാണ്.
സുക്കർ ഡോർട്ട് ഓപ്പണിംഗ് എന്നറിയപ്പെടുന്ന Nf3 നീക്കമാണ് ഡിങ് ആദ്യം കളിച്ചത്. ബ്ലാക്കിന്റെ ‘e ’ ഫയലിലെ പോണിനെ നീക്കാൻ താമസിച്ചതിനാൽ Ba3 എന്ന അസാധാരണനീക്കം നടത്തി ഗുകേഷിന്റെ രാജാവിനു കാസലിംഗിനുള്ള അവസരം നഷ്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതിരയെ രംഗത്തിറക്കി ബിഷപ്പുകൾ വെട്ടിമാറ്റാൻ അവസരം നല്കി.
ഓരോ റൂക്കും മൂന്നു കാലാളുകളും വീതം ഇരുവർക്കും കളത്തിലുണ്ടായിരിക്കേ 38, 40, 42 നീക്കങ്ങൾ കഴിഞ്ഞപ്പോൾ കരുക്കളുടെ സ്ഥാനങ്ങൾ ഒരുപോലെ വന്നതിനാൽ (ത്രീഫോൾഡ് റെപ്പറ്റീഷൻ) കളി സമനിലയിൽ അവസാനിച്ചു.
- സോബിച്ചൻ തറപ്പേൽ