അഹമ്മാദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ തകർത്ത് ഓസീസിന് ആറാം കിരീടം . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് ലോകകിരീടം തിരികെ പിടിച്ചത്.
120 പന്തില് 137 റണ്സെടുത്ത ട്രാവിസ് ഹെഡിന്റെയും അർധസെഞ്ചുറി നേടിയ മര്നസ് ലബുഷെയ്ന്റെയും മിന്നും പ്രകടനമാണ് ഓസീസിന് അനായാസ വിജയം സമ്മനിച്ചത്.
1987,1999,2003,2007,2015 വർഷങ്ങളിലും ഓസ്ട്രേലിയ ലോക കിരിടം നേടിയിരുന്നു. 1999ൽ പാക്കിസ്ഥാനെയും 2003ൽ ഇന്ത്യയേയും 2007ൽ ശ്രീലങ്കയേയും 2015ൽ ന്യൂസിലൻഡിനേയും ഓസീസ് ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുത്തി.
2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് റിക്കിപോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസീസ് വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യ ഓവർ മുതൽ ഇന്ത്യൻ ബൗളർമാരെ ആദം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും കടന്നാക്രമിച്ചു. തുടർന്നുവന്ന ക്യാപ്റ്റൻ റിക്കിപോണ്ടിംഗും ഡാമിയൻ മാർട്ടിനും ഇന്ത്യൻ ബൗളർമാരെ അടിച്ച് തകർത്തപ്പോൾ ഓസീസ് അന്പത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 359 റൺസെടുത്തു.
കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ സച്ചിന്റെയും ഗാംഗുലിയുടെയും വിക്കറ്റ് നഷ്ടമായി. ഒരറ്റത്ത് നിലയുറപ്പിച്ച് വീരേന്ദ്ര സേവാഗ് ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചെങ്കിലും രാഹുൽ ദ്രാവിഡിന്റെ അപ്രതീക്ഷിത റൺ ഔട്ട് ടീം ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതികൂലമാക്കി.
പിന്നീട് വന്ന ബറ്റ്സ്മാൻമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ വന്നതോടെ ഓസീസ് 125 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. 2007 വെസ്റ്റൻഡീസിൽ നടന്ന ലോകകപ്പിൽ ശ്രീലങ്കയെ കീഴടക്കി ഓസീസ് ലോകകപ്പിൽ ഹാട്രിക്ക് വിജയം നേടി. 2015 ൽ ഓസ്ട്രേലിയായിലും ന്യൂസിലൻഡിലുമായി നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഓസീസ് തങ്ങളുടെ നഷ്ടപ്രതാവം വീണ്ടെടുത്തു.