തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികൾ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൗണ്ടുകളുടെ നവീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. 2016 ൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രവൃത്തികൾക്കായി 36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-17 ബജറ്റിൽ 12.44 കോടി രൂപ സംസ്ഥാന സർക്കാരും 12.44 കോടി രൂപ കേന്ദ്ര സർക്കാരും അനുവദിച്ചിട്ടുണ്ട്.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാൽ കോടി ചെലവിലും മഹാരാജാസ് കോളജ് രണ്ടരക്കോടി ചെലവിലും നവീകരിക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ലോക കപ്പ് നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണം ഏപ്രിൽ മാസത്തിൽ നടത്താനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷൻ ടി.പി. ദാസൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, നഗര വികസന വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.