ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉയര്‍ത്തിയ ആവേശത്തിനുശേഷം ലോകവും ഇന്ത്യയും അടുത്ത ക്രിക്കറ്റ് ആവേശത്തിലേക്കു കടക്കുകയാണ്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ലോകകപ്പിനായി പത്തു ടീമുകളും തയാറായിക്കൊണ്ടിരിക്കുകയാണ്. ഇനി പതിനാറു ദിവസം മാത്രമാണ് ആദ്യ മത്സരത്തിന്. മേയ് 30 മുതല്‍ ജൂലൈ 14 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് ഇംഗ്ലണ്ടും വെയ്ൽസുമാണ് വേദിയാകുന്നത്. മേയ് 30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെ 2019 ഐസിസി ലോകകപ്പിനു തുടക്കമാകും.
ടീമുകൾ അവസാന തയാറെടുപ്പിൽ
ഒന്നര മാസത്തിലേറെ നീണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ഉള്‍പ്പെടെ തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണമകറ്റാന്‍ ഇന്ത്യന്‍ ടീമിന് രണ്ടാഴ്ചയാണ് ലഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലന്‍ഡുമായി പരിശീലന മത്സരം നടത്തി. ഇനി ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇറങ്ങും.
നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന് ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ടുമായി ഏകദിന, ട്വന്റി 20 പരമ്പരകളില്‍ കളിക്കുകയാണ്. വിന്‍ഡീസും ബംഗ്ലാദേശും അയര്‍ലന്‍ഡില്‍ ത്രിരാഷ് ട്ര പരമ്പരയിലാണ്. അയര്‍ലന്‍ഡാണ് മൂന്നാമത്തെ ടീം. വിന്‍ഡീസ്-ബംഗ്ലാദേശ് മത്സരമാണ് ഫൈനലിലേതും. ഇന്ത്യ, ആതിഥേയരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ലോകകപ്പിലെ ഫേവറിറ്റുകള്‍.
ജോലി ഭാരത്തിൽ ഇന്ത്യ
ഇന്ത്യയുടെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ 25ന് ആരംഭിക്കും. ന്യൂസിലന്‍ഡാണ് ആദ്യ എതിരാളികൾ. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെയും നേരിടും. അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്. 22ന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു യാത്രതിരിക്കും. ഐപിഎല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ മിക്കവരും ലീഗിലെ 14 മത്സരവും കളിച്ചവരാണ്. ഫൈനിലെത്തിയ ചെന്നൈ-മുംബൈ ടീമുകളിൽ പലരും ടൂര്‍ണമെന്റിലെ എല്ലാം മത്സരത്തിലുമിറങ്ങിയവരാണ്.
ഐപിഎല്‍ മത്സരത്തിലൂടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരായ നായകന് വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, മഹേന്ദ്ര സിംഗ് ധോണി, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഫോം തെളിയിച്ചു. പേസര്‍മാരായ മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താനായി. ഭുവനേശ്വര്‍ കുമാറിന് അത്രയ്ക്ക് ശോഭിക്കാനായില്ല. എന്നാല്‍ സ്പിന്‍നിരയില്‍ യുസ്വേന്ദ്ര ചാഹല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ കുല്‍ദീപ് യാദവിന് ഫോമിലെത്താനായില്ല.
ഓള് റൗണ്ടര്‍മാരില്‍ ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഫോമിലാണെന്ന കാര്യം ഇന്ത്യക്ക് ആശ്വാസം നല്കുന്നു. എന്നാല്‍ വിജയ് ശങ്കര്‍ നിറംമങ്ങിയത് തിരിച്ചടിയായി. ദിനേഷ് കാര്‍ത്തിക്കിനും ഭേദപ്പെട്ട ടൂര്‍ണമെന്റായിരുന്നു. ഒമ്പത് മത്സരങ്ങളിലിറങ്ങിയ താരത്തെ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍നിന്ന് ഒഴിവാക്കി. തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം ലോകകപ്പിലെ ഫേവറിറ്റുകളായ ഇന്ത്യയെ തളര്‍ത്തുമോയെന്ന ആശങ്കയുമുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ നിരയില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ ടീം കൂടുതല്‍ കരുത്തരായി. ഐപിഎലില്‍ കളിച്ച ഇരുവര്‍ക്കും ഫോം കണ്ടെത്താനുമായി. ടൂര്‍ണമെന്റില്‍ വാര്‍ണര്‍ തുടക്കം മുതലേ ഫോമിലായിരുന്നു. സ്മിത് അവസാനവും ഫോമിലായി. ഈ ഫോം ന്യൂസിലന്‍ഡിനെതിരേയുള്ള പരിശീലന മത്സരങ്ങളിലും മുന്‍ നായകന് പുറത്തെടുത്തു.
ഇംഗ്ലണ്ട് ഫോമിൽ
മികച്ച ടീമുമായെത്തുന്ന ഇംഗ്ലണ്ട് ഇത്തവണ ആദ്യമായി ഏകദിന ലോകകപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ്. ബാറ്റ്സ്മാന്മാരും ബൗളര്‍മാരും മികച്ച ഫോമിലാണ്.
ഐപിഎലിനുശേഷം ഇംഗ്ലണ്ട് ടീമില്‍ ചേര്‍ന്ന ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര് എന്നിവര്‍ ഫോമില്‍ തുടരുകയാണ്. ഇവര്‍ക്കൊപ്പം ഇയോന്‍ മോര്ഗന്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി എന്നിവര്‍ ചേരുമ്പോള്‍ ഇംഗ്ലണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുമായാണെത്തുന്നത്. ഇതുകൊണ്ട്തന്നെയാണ് ഇവരെ ടൂര്‍ണമെന്റിലെ ഫോവറിറ്റുകളാക്കുന്നത്.
വിന്‍ഡീസ് ടീമിലെ ക്രിസ് ഗെയല്‍, ആന്ദ്രെ റസല്‍ എന്നിവര്‍ ഐപിഎലില്‍ അടിച്ചു തകര്‍ത്തു. അടുത്ത കാലത്തായി വന്‍ സ്കോറുകള്‍ നേടാനും പിന്തുടര്ന്നു ജയിക്കാനും വിന്ഡീസിനാകുന്നുണ്ട്. ന്യൂസിലന്ഡിന്റേതും മികച്ച ടീമാണ്.
പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അപ്രതീക്ഷിത വിജയങ്ങളിലൂടെ ഏവരെയും ഞെട്ടിക്കാനാണ് ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനെയും എഴുതിതള്ളാനാവില്ല.
പരിക്കിന്റെ പേടിയിൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും
ദക്ഷിണാഫ്രിക്കന്‍ നിരയിലെ പ്രധാന താരങ്ങളായ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലസി, പേസര്‍ കാഗിസോ റബാദ, സ്പിന്നര്‍ ഇമ്രാന് താഹിര്‍ എന്നിവര്‍ ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയശേഷമാണ് ലോകകപ്പിനെത്തുന്നത്. ഇതില്‍ റബാദയ്ക്കും സീനിയര്‍ താരം ഡെയ്ൽ സ്റ്റെയ്നുമേറ്റ പരിക്ക്് ദക്ഷിണാഫ്രിക്കയ്ക്ക ആശങ്ക നല്‍കുന്നതാണ്. എന്നാല്‍ ഇരുവരും ലോകകപ്പിനു മുമ്പ് പരിക്കില്‍നിന്ന് മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കുമുണ്ട് പരിക്കിന്റെ പേടി. ഐപിഎലില്‍ ചെന്നൈയുടെ താരമായിരുന്ന കേദാര്‍ ജാദവ് കിംഗ്സ് ഇലവന് പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ തോളിനു പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ ജാദവിന് നഷ്ടമാകുകയും ചെയ്തു.
ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാനും ആവശ്യസമയത്ത് ഉപയോഗിക്കാവുന്ന ബൗളറുമാണ് ജാദവ്. ഋഷഭ് പന്തും അമ്പാടി റായുഡുവും പകരക്കാരായി ഉണ്ടെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള ജാദവിനായിട്ടാണ് ഇന്ത്യ കാത്തിരിക്കുന്നത്.