21-ാം എഡിഷൻ ഫിഫ ലോകകപ്പ് കിരീടം ഫ്രാൻസ് ഉയർത്തി. ലോകോത്തര ഫുട്ബോൾതാരങ്ങളെല്ലാം അണിനിരന്ന 2018 ലോകകപ്പ് സമാപിച്ചപ്പോൾ താരങ്ങളായത് ലൂക്ക മോഡ്രിച്ച്, തിബോ കൂർട്ട്വാ, കൈലിയൻ എംബാപ്പെ, ഹാരി കെയ്ൻ എന്നിവരായിരുന്നു. ഫെയർ പ്ലേ അവാർഡ് സ്പെയിനും സ്വന്തമാക്കി.
ഗോള്‍ഡന്‍ ബോള്‍-ലൂക്ക മോഡ്രിച്ച്
ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് നായകന് ലൂക്ക മോഡ്രിച്ച്. രണ്ടു ഗോളും ഒരു അസിസ്റ്റും മാത്രമാണുള്ളതെങ്കിലും മധ്യനിരയില്‍ മോഡ്രിച്ച് ചെയ്ത ജോലി നോക്കുമ്പോള്‍ ഗോളിന്റെ എണ്ണമോ അസിസ്റ്റോ എങ്ങുമെത്തില്ല. കളിയുടെ സ്വഭാവം അനുസരിച്ച് മത്സരത്തിന്റെ ഗതിതന്നെ മാറ്റാന്‍ കഴിവുള്ളതാരം. ടീമിനെ ഒത്തിണക്കത്തോടെ നയിക്കാന്‍ പ്രത്യേക കഴിവും മോഡ്രിച്ചിനുണ്ട്. എതിര് പ്രതിരോധം ചിന്നഭിന്നമാക്കാനുള്ള പ്രത്യേക വാസനയും താരത്തിനുണ്ട്. ഫൈനലില്‍ മോഡ്രിച്ചിന്റെ മധ്യനിരയിലെ നീക്കങ്ങളാണ് ക്രൊയേഷ്യക്ക് തുടക്കത്തില്‍ വേഗത്തിലുള്ള നീക്കങ്ങളുണ്ടാക്കിയത്.
ഗോള്‍ഡന്‍ ഗ്ലൗ-തിബോ കൂര്ട്ട്വ
ഗോള്‍ പോസ്റ്റിനു മുന്നില്‍ തിബോ കൂര്ട്ട്വ പുറത്തെടുത്ത അസാമാന്യ മികവാണ് ബെല്‍ജിയത്തെ മൂന്നാം സ്ഥാനക്കാരാക്കിയത്. പ്രതിരോധം പൊളിച്ചെത്തുന്ന നീക്കങ്ങള്‍പോലും കൂര്ട്ട്വ അനായാസമായി രക്ഷപ്പെടുത്തി. റിഫ്ളെക്സുകളിലും ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ മികച്ചുനിന്നു. സെമി ഫൈനലില്‍ ഫ്രാന്‍സിനോടു മാത്രമാണ് കൂര്ട്ട്വ പരാജയപ്പെട്ടുള്ളൂ. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഉജ്വല പ്രകടനം പുറത്തെടുത്തു.
യുവതാരം-കൈലിയന്‍ എംബാപ്പെ
ആദ്യ ലോകകപ്പ് ഫൈനല്‍ എംബാപ്പെ ഗംഭീരമാക്കി. ലോകകപ്പിലെ മികച്ച പ്രകടനം കൊണ്ട് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ പത്തൊമ്പതുകാരനായി. പന്തിലുള്ള നിയന്ത്രണവും വേഗവുമാണ് എംബാപ്പെയെ ഏവരുടെയും ഇഷ്ടതാരമാക്കിയത്. അര്‍ജന്റീനയ്ക്കെതിരേ ഇരട്ട ഗോള്‍ നേടിയതോടെ 1958ല്‍ പെലെയ്ക്കുശേഷം നോക്കൗട്ട് ഘട്ടത്തില്‍ രണ്ടു ഗോള്‍ നേടുന്ന ആദ്യ കൗമാരതാരമായി. ഫൈനലിലും എംബാപ്പെ ഗോള്‍ക്കൊണ്ട് പെലെയ്ക്കുശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരക്കാരനായി. ആകെ നാലു ഗോളുകൾ നേടി.
ഗോള്‍ഡന്‍ ബൂട്ട്-ഹാരി കെയ്ന്‍
ആറു ഗോളുമായി ഇംഗ്ലണ്ട് നായകന് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ടുണീഷ്യക്കെതിരേ ഇരട്ട ഗോള്‍നേടിയ കെയ്ന്‍ പാനമയ്ക്കെതിരേ ഹാട്രിക് നേടി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയ്ക്കെതിരേ സ്പോട് കിക്കിലൂടെ ഒരു ഗോളും നേടി. കെയ്ന്റെ ആറുഗോളില്‍ മൂന്നെണ്ണം സ്പോട് കിക്കില്‍നിന്നായിരുന്നു.
ഫെയര്‍ പ്ലേ-സ്പെയിന്
ലോകകപ്പില്‍ സ്പെയിന് നിരാശപ്പെടുത്തി. പ്രീക്വാര്ട്ടറിലേ പുറത്തായി. എന്നാല്‍ കളത്തിലെ നല്ല പെരുമാറ്റത്തിന് ടീമിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചു. നാലു കളിയില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ 34 ഫൗള്‍ ചെയ്തു.
സില്‍വര്‍ ബോള്‍- ഏഡന്‍ അസാര്
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ബെല്‍ജിയമായിരുന്നു. ഇതിന് അസാര് ചെയ്ത പങ്ക് വലുതായിരുന്നു. പന്തിലുള്ള സുന്ദരമായ നിയന്ത്രണവും വേഗവും കൊണ്ടാണ് അസാര് പ്രതിരോധം പൊളിച്ചത്. മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ അസാര് ഒരു ഗോള്‍ നേടിക്കൊണ്ട് ബെല്‍ജിയത്തെ ലോകകപ്പ് ചരിത്രത്തിലെ മികച്ച നേട്ടത്തിലെത്തിച്ചു.
സില്‍വര്‍ ബൂട്ട്/ വെങ്കല പന്ത്-ആന്ത്വാന് ഗ്രീസ്മാന്
ഫ്രാന്‍സിനെ ജേതാക്കളാക്കുന്നതില്‍ മുന്നില്‍നിന്ന് നയിച്ചത് ഗ്രീസ്മാനായിരുന്നു. നാലു ഗോളും രണ്ടു അസിസ്റ്റും ഈ അത്ലറ്റിക്കോ മാഡ്രിഡ് താരത്തിന്റെ പേരിലുണ്ട്.
വെങ്കല ബൂട്ട്- റൊമേലു ലൂകാക്കു
ബെല്‍ജിയത്തിന്റെ ആദ്യ രണ്ടു ഗ്രൂപ്പ് മത്സരങ്ങളില്‍ പാനമയ്ക്കെതിരേയും ടുണീഷ്യക്കെതിരേയും ഇരട്ട ഗോള്‍ നേടിയ ലൂകാക്കുവിന് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടാനായില്ല.