ഫുട്ബോൾ ലോകകപ്പ് നിരവധി സുവര്‍ണതാരങ്ങളെ സൃഷ്ടിക്കാറുണ്ട്. അവരുടെ അപദാന കഥകൾ എഴുതാൻ മാധ്യമങ്ങൾ മത്സരിക്കാറുമുണ്ട്. പക്ഷേ, അവരെ താരങ്ങളായി വാർത്തെടുക്കുന്നതിനു പിന്നിലെ പരിശീലകൻ പലപ്പോഴും വെള്ളിവെളിച്ചത്തു വരാറില്ല. കുറെ ഫുട്ബോൾ താരങ്ങളെ കൂട്ടിച്ചേർത്ത് ഒരു ടീമാക്കി മാറ്റുന്നതു മുതൽ എതിരാളികളെ തകർക്കാൻ തന്ത്രങ്ങൾ മെനയുന്നതുവരെ പരിശീലകരാണ്. ഇത്തരത്തിൽ താരപരിവേഷത്തോടെ റഷ്യയിൽലെത്തിയിരിക്കുന്ന പരിശീലകർ നിരവധിയുണ്ട്.
ദിദിയെ ദെഷാം (ഫ്രാൻസ്)
രണ്ടു പതിറ്റാണ്ടു മുന്‍പ് സിനദിൻ സിദാനെന്ന മാന്ത്രികന്റെ തോളിലേറി ഫ്രാൻസ് ലോകകപ്പിൽ മുത്തമിടുന്പോൾ ക്യാപ്റ്റനായിരുന്നു ദിദിയെ ദെഷാം. 2018 ൽ റഷ്യയിൽ ഫ്രഞ്ച് ടീം പോരാട്ടത്തിനിറങ്ങുന്പോഴും ദെഷാം കൂടെയുണ്ട്. ഇത്തവണ തന്ത്രങ്ങൾ മെനയുന്ന പരിശീലകന്റെ വേഷത്തിലാണെന്നു മാത്രം.
പ്രതിരോധ നിരക്കാരനായും മധ്യനിരക്കാരനായും ഫ്രാൻസിനു വേണ്ടി തിളങ്ങിയിട്ടുള്ള താരമാണ് ദെഷാം. 10 ാം വയസിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ അദ്ദേഹം ഫുട്ബോളർ എന്ന ജഴ്സി അഴിച്ചുവയ്ക്കുന്നത് 2001 ലാണ്. 103 തവണ രാജ്യത്തിനു വേണ്ടി മൈതാനത്തിറങ്ങി. 2000 ലെ യൂറോകപ്പ് ഫ്രാൻസ് നേടുന്പോഴും ക്യാപ്റ്റൻ ദിദിയെ തന്നെ. ഇത്തവണ ഫ്രഞ്ച് ടീം പ്രഖ്യാപിച്ചപ്പോൾ മുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.
കരീം ബെൻസേമയെന്ന ഫ്രഞ്ച് സ്ട്രൈക്കറെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിലാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ വിമർശിച്ചാണ് വലിയ വിഭാഗം ആളുകളും രംഗത്തെത്തിയിരിക്കുന്നത്. 2002 ലോകകപ്പിൽ ബ്രസീലിയൻ സ്ട്രൈക്കർ റോമാരിയോയെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച സ്കൊളാരിക്ക് ചെരുപ്പേറു വരെ ലഭിച്ചതായാണ് ചരിത്രം. പക്ഷേ, അപ്പോഴും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഫലവും അദ്ദേഹത്തിന് അനുകൂലമായിരുന്നു.
ഏഷ്യയില്‍ നിന്നും ലോകകപ്പുമായി സ്കൊളാരിയും കൂട്ടരും ബ്രസീലില്‍ എത്തിയതോടെ വിവാദം കെട്ടടങ്ങി. അന്ന് സ്കൊളാരിയായിരുന്നു ഇന്ന് ദെഷാമാണെന്നു മാത്രം. രണ്ടു പേരും ചെയ്യുന്നത് ഒരേ കാര്യം. ഇപ്പോള്‍ പ്രതിനായകന്റെ റോളിലാണ് പലരും അദ്ദേഹത്തെ കാണുന്നത്.
പക്ഷേ, ഫൈനലിൽ കപ്പുയർത്തി ഇതിനെല്ലാം പ്രതികാരം ചെയ്യുന്ന ദിനത്തെ കുറിച്ചാണ് ദെഷാം സ്വപ്നം കാണുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ക്ലബ്ബായ റയല്‍ മാഡ്രിഡ് ബൻസേമയുമായുള്ള കരാര്‍ 2021 വരെ പുതുക്കി നല്കിക്കഴിഞ്ഞ പശ്ചാത്തലത്തിലും അദ്ദേഹം തീരുമാനം പുനപരിശോധിക്കാൻ തയാറായിട്ടില്ല. മികച്ച യുവനിരയെ അണിനിരത്താനാണു താൻ ശ്രമിക്കുന്നതെന്നും മികച്ച രണ്ട് സ്ട്രൈക്കര്‍മാര്‍ ഉണ്ടെന്നുമാണ് ദെഷാമിന്റെ വാദം.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ആന്റോണി ഗ്രീസ്മാന്, ചെല്‍സിയുടെ ഒളിവര്‍ ഗിരു എന്നിവര്‍ മികച്ച ഫോമിലുമാണ്. പക്ഷേ, ഫലം സ്കൊളാരിക്ക് അനുകൂലമായിരുന്നതു പോലെ ചരിത്രം വീണ്ടും ആവർത്തിക്കുമെന്നാണ് ദെഷാം കണക്കു കൂട്ടുന്നത്.
എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും ലോകകപ്പ് പോലെയുള്ള വലിയകായിക മേളയിൽ ബെന്‍സെമയെ പോലൊരു സൂപ്പർ താരത്തെ ഒഴിവാക്കുന്നത് മികച്ച ഫുട്ബോള്‍ പ്രതീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും കനത്ത നഷ്ടമാണെന്നു പറയാതെ വയ്യ. നിലവിൽ 2012 മുതൽ ഫ്രാൻസിന്റെ പരിശീലകനാണ് ദിദിയെ. മോണക്കോ, യുവന്റസ്, മാർസെ ക്ലബുകളുടെ പരിശീലകനായിരുന്നു നാൽപ്പത്തൊൻപതുകാരനായ ദിദിയെ ദെഷാം.
ടിറ്റെ (ബ്രസീൽ)
പ്രായോഗികതയുടെ ആശാൻ എന്നു ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്ന താരമാണ് അഡെനോർ ലെയനാർഡോ ബക്കി എന്ന ടിറ്റെ. മറ്റു ചിലർ പ്രഫഷണലിസന്റെ വക്താവെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ലോക ഫുട്ബോളിലെ രാജാക്കൻമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിന്റെ പരിശീലകനായാണ് അദ്ദേഹം റഷ്യൻ ലോകകപ്പിനെത്തുന്നത്. തെക്കന്‍ ബ്രസീലിലെ കാക്സിയസ് ഡു സുളില്‍ നിന്നാണ് അന്പത്തിയാറുകാരനായ ടിറ്റെ കാല്പന്തുകളിയിലെക്കെത്തുന്നത്. ബ്രസീലിൽ നിന്ന് ഫുട്ബോൾ കളിയിലെത്തുന്ന ഏതൊരു ഫുട്ബോൾ താരത്തിന്റെയും വലിയ സ്വപ്നങ്ങളിലൊന്ന് ലോകകപ്പ് നേടുന്ന ടീമിൽ അംഗമാവുക എന്നതാണ്.
എന്നാൽ, നിർഭാഗ്യവശാൽ അദ്ദേഹത്തിന് അത് സാധിക്കാതെവന്നു. ഒരു ദശാബ്ദം നീണ്ടുനിന്ന തന്റെ കരിയറിനോട് ടിറ്റെയ്ക്ക് അകാലത്തിൽ വിടപറയേണ്ടിവരികയായിരുന്നു. പ്രതിരോധത്തിലൂന്നിയ മധ്യനിരക്കാരനായിരുന്ന ടിറ്റെയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കു വില്ലനാവുകയായിരുന്നു.
തുർച്ചയായി ചികിത്സിച്ചിട്ടും പരിക്കു ഭേദമാക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിനു ഇരുപത്തിയേഴാം വയസില്‍തന്നെ കളിക്കളം വിടേണ്ടിവന്നു. കളിക്കാരന്റെ വേഷത്തിൽ കപ്പുയർത്താൻ സാധിക്കാത്തതിന്റെ വിഷമം പരിശീലക സ്ഥാനത്തിരുന്നു സാധിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ചാണ് അദ്ദേഹം തന്റെ ടീമുമായി റഷ്യയിലെത്തുന്നത്.
ബ്രസീലിയന്‍ ക്ലബ് ഫുട്ബോൾ ലീഗിലെ വമ്പന്മാരായ ഗ്രെമിയോ, ഇന്റർനാഷണല്‍, കൊറിന്ത്യന്‍സ് എന്നീ ടീമുകളെ പരിശീലിപ്പിച്ച് ഫിഫ ക്ലബ് വേള്‍ഡ് കപ്പും കോപ്പാ ലിബര്ട്ടഡോറസുമടക്കം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ പരിചയസന്പത്തുമായാണ് ടിറ്റെ ബ്രസീലിന്റെ പരിശീക സ്ഥാനം ഏറ്റെടുക്കുന്നത്.
ബ്രസീലിയന്‍ ഫുട്ബാളിനെ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവരുടെ സുവർണ കാലഘട്ടത്തിലേക്കു മടക്കി കൊണ്ടുവരാൻ ടിറ്റെയ്ക്കു സാധിച്ചു. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. 2014 ലോകകപ്പിലെ കനത്ത പരാജയത്തിനുശേഷം ബ്രസീലിയൻ ടീമിന്റെ ആത്മവീര്യം നഷ്ടപ്പെട്ടു പോയിരുന്നു. പരിശീലകസ്ഥാനം ഏറ്റെടുത്ത ദുംഗെയ്ക്ക് ടീമിന്റെ ആത്മവീര്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഫലം തുടർച്ചയായ ദയനീയ പരാജയങ്ങളായിരുന്നു.
കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ ടീം പുറത്തായതോടെയാണു ബ്രസീലിയൻ കോൺഫെഡറേഷൻ പുതിയ കോച്ചിനെ തേടുന്നത്. ടിറ്റെയെ തെരഞ്ഞെടുക്കുന്പോൾ കോൺഫെഡറേഷൻ ആവശ്യപ്പെട്ടത് ഒറ്റക്കാര്യാമാണ്. തങ്ങൾക്ക് പഴയ ബ്രസീലിനെ തിരിച്ചു തരണം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീം തകർന്നു നിൽക്കുന്ന നാളുകളിൽ യോഗ്യത നേടിയെടുക്കുകയെന്ന വലിയ ദൗത്യമായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്.
2016 സെപ്റ്റംബറിൽ ഇക്വഡോറിനെതിരേയായിരുന്നു പരിശീലകനായ ടിറ്റെയുടെ ആദ്യ മത്സരം. മത്സരത്തിനിറങ്ങുന്പോൾ തന്റേതായ തന്ത്രങ്ങളൊന്നുമല്ല അദ്ദേഹം ടീമിന് നൽകിയത്. ആത്മവിശ്വാസമാണ്. അത് ഫലം കണ്ടു. ഇക്വഡോറിന്റെ വലയിൽ ബ്രസീൽ നിറച്ചത് മൂന്നു ഗോളുകൾ.
അവിടെ നിന്നാണ് ടിറ്റെ തന്റെ വിജയ കരിയർ തുടങ്ങുന്നത്. ഒടുവിൽ സംഭവിച്ചത് യോഗ്യത റൗണ്ടില്‍ ഒന്നാമതായി ബ്രസീൽ റഷ്യയിലേക്കു പറന്നു. തുടർച്ചയായ തോൽവികളിൽ നിന്ന് തുടർച്ചയായ ഒന്‍പതു വിജയങ്ങളിലേക്കു ടീം എത്തി. ലോകകപ്പിലെ വിജയം കൊണ്ട് തനിക്ക് ഫുട്ബോളർ എന്ന നിലയിൽ സാധിക്കാതെ പോയ സ്വപ്നം സാധ്യമാക്കാനാവുമെന്ന് അദ്ദേഹം ഈ ടീമിനെ മുൻനിർത്തി പറയുന്പോൾ അതുതന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.
സന്ദീപ് സലിം