അഹമ്മദാബാദ്: സ്ലോ പിച്ചിലെ റിവേഴ്സ് സിംഗ്; ഓസ്ട്രേലിയയ്ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇന്നിംഗ്സിനു ഷട്ടറിട്ടത് ഈ എക്സ് ഫാക്ടറാണ്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വരണ്ടുണങ്ങിയ അഞ്ചാം നന്പർ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ടീം ഇന്ത്യക്ക് സ്ലോ പിച്ചിലെ റിവേഴ്സ് സ്വിംഗ് മനസിലാക്കാൻ സാധിച്ചില്ല.
ആറാം ലോകകപ്പ് ചാന്പ്യൻപട്ടത്തിനായി ഇറങ്ങിയ ഓസ്ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ 240 റണ്‍സിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മുന്നിൽനിന്ന് പടനയിച്ചു. സ്ലോ പിച്ചിൽ കൃത്യമായ പ്ലാനിംഗോടെ ആയിരുന്നു ഓസ്ട്രേലിയൻ ബൗളർമാർ എത്തിയത്.
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ വിരാട് കോഹ് ലിക്ക് എതിരേ ഷോർട്ട് പിച്ച് ആക്രമണം, സ്വിംഗും സീമും മനസിലാകുന്നതിനു മുന്‍പ് ഗില്ലിനെ കുടുക്കി, അവസാന ഓവറുകളിൽ കൂറ്റനടി നടത്തുമെന്ന് പ്രതീക്ഷിച്ച സൂര്യകുമാർ യാദവിനെ സ്ലോ ബോളിലൂടെയും കുടുക്കി.
63 പന്തിൽ 54 റണ്‍സ് നേടിയ കോഹ്ലിയെ തുടർച്ചയായി ഷോർട്ട് പിച്ച് ആക്രമണത്തിലൂടെ പാറ്റ് കമ്മിൻസ് ഇൻസൈഡ് എഡ്ജാക്കി. ഈ ലോകകപ്പിൽ മധ്യനിര ബാറ്റർമാരിൽ ഏറ്റവും കൂടുൽ റണ്‍സ് നേടിയ ശ്രേയസ് അയ്യറിനെ ലെംഗ്ത് ബോളിലൂടെയാണ് ജോഷ് ഹെയ്സൽവുഡ് കുടുക്കിയത്.
ഇന്ത്യയുടെ വന്പൻ ബാറ്റിംഗ് ലൈനപ്പിലെ ഓരോരുത്തരെയും കൃത്യമായി പഠിച്ച് അത് അച്ചടക്കത്തോടെ നടപ്പിലാക്കുകയായിരുന്നു ഓസീസ്. അതിന് നേതൃത്വം നൽകിയത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും.
റിവേഴ്സ് സ്വിംഗിന്റെ ശരിക്കുള്ള ഇര രവീന്ദ്ര ജഡേജയായിരുന്നു. 36-ാം ഓവർ എറിയാനെത്തിയ ഹെയ്സൽവുഡിന്റെ റിവേഴ്സ് സ്വിംഗിനു ബാറ്റുവച്ച ജഡേജ വിക്കറ്റിനു പിന്നിൽ ജോഷ് ഇംഗ് ലിസിന്റെ ഗ്ലൗവിനുള്ളിൽ അവസാനിച്ചു.
കളിമാറ്റിയ ക്യാച്ച്
സ്ലോ പിച്ചിൽ രോഹിത് ശർമ (31 പന്തിൽ 47) തുടക്കത്തിൽ നടത്തിയ കടന്നാക്രമണമായിരുന്നു ഇന്ത്യൻ സ്കോർബോർഡിലേക്ക് റണ്‍സ് എത്തിച്ചത്. പവർ പ്ലേ അവസാനിക്കുന്നതിനു മുന്‍പുതന്നെ ഗ്ലെൻ മാക്സ്വെല്ലിനെ കൊണ്ടുവന്ന് കമ്മിന്‍സ് ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് വീഴ്ത്തി. മാക്സ്വെല്ലിനെ തുടർച്ചയായി പ്രഹരിക്കാൻ രോഹിത് ശ്രമിച്ചില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയ നിമിഷം.
കൂറ്റനടിക്കുശ്രമിച്ച രോഹിതിന്റെ ബാറ്റിൽനിന്ന് ആകാശത്തേക്ക് ഉയർന്ന പന്തിനു പിന്നാലെ കവറിൽനിന്ന് 11 മീറ്റർ പിന്നോട്ടോടി ഡൈവ് ചെയ്തായിരുന്നു ട്രാവിസ് ഹെഡ് ക്യാച്ചെടുത്തത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ച്. മത്സരം ഓസ്ട്രേലിയയുടെ വരുതിയിലേക്ക് എത്തിച്ച ക്യാച്ചായിരുന്നു അത്.
ശരിക്കും നിശബ്ദമാക്കി
ഫൈനലിന്റെ തലേന്ന് നടന്ന പത്രസമ്മേളനത്തിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞത് ഇങ്ങനെ: ഇന്ത്യക്കായി ആർത്തലയ്ക്കുന്ന 1.30 ലക്ഷം കാണികളെ നിശബ്ദമാക്കുന്നതിൽ കൂടുതൽ മനോഹരം ഒന്നുമില്ല.
അതെ, കമ്മിൻസ് പറഞ്ഞതുപോലെ ഓസീസ് ചെയ്തു. രോഹിതിനെ 11 മീറ്റർ പിന്നോട്ടോടി ട്രാവിസ് ഹെഡ് കൈപ്പിടിയിൽ ഒതുക്കിയപ്പോഴാണ് സ്റ്റേഡിയം ആദ്യമായി നിശബ്ദമായത്.
11 മുതൽ 40 വരെയുള്ള ഓവറിനിടയിൽ ഇന്ത്യക്കു നേടാനായത് വെറും രണ്ട് ബൗണ്ടറി മാത്രം. ഈ ലോകകപ്പിൽ മധ്യഓവറുകളിൽ ഇത്രയും മോശം ബാറ്റിംഗ് മറ്റൊരു ടീമും കാഴ്ചവച്ചിട്ടില്ല.
11 മുതൽ 40വരെയുള്ള പവർ പ്ലേയ്ക്ക് പുറത്തുള്ള ഓവറുകളിൽ ഒരു സിക്സ് പോലും നേടാൻ ഇന്ത്യക്കു സാധിക്കാതിരുന്നതും ഇതാദ്യം. 49.1 ഓവറിലാണ് പിന്നീടൊരു ബൗണ്ടറി എത്തിയത്. മുഹമ്മദ് സിറാജ് ജോഷ് ഹെയ്സൽവുഡിനെ സ്ട്രെയ്റ്റ് മിഡ് ഓഫിലൂടെ ബൗണ്ടറി കടത്തി.
സെഞ്ചുറി നേടിയ പ്രതീതിയോടെയായിരുന്നു സിറാജിന്റെ ആ ബൗണ്ടറി ഗാലറി വരവേറ്റത്. ആദ്യ 10 ഓവറിൽ 80/2 എന്നതിൽനിന്നായിരുന്നു ഇന്ത്യയെ ഓസീസ് വരിഞ്ഞുമുറുക്കിയത്. കോഹ് ലി (63 പന്തിൽ 54), കെ.എൽ. രാഹുൽ (107 പന്തിൽ 69) എന്നിവരുടെ ചെറുത്ത് നിൽപ്പായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിനെ 240ൽ എത്തിച്ചത്.
ഫൈനലിനു മുന്‍പുവരെ മിന്നിത്തിളങ്ങിയ ഇന്ത്യൻ ബാറ്റർമാർ ഒന്നിനുപിന്നാലെ ഒന്നായി തലതാഴ്ത്തി, ഒപ്പം നീലയിൽ കുളിച്ച ഗാലറിയും.
സ്പോർട്സ് ലേഖകൻ