ഏകദിന ക്രിക്കറ്റ് ലോക ചാന്പ്യന്മാരാകാനുള്ള ആവേശപ്പോരാട്ടത്തിന്റെ ടോസ് വീഴാൻ ഇനിയുള്ളത് 50 ദിനങ്ങൾ മാത്രം. ഇന്നേക്ക് 50-ാം നാൾ 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും.
2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ്. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ മറ്റൊരു ലോക കിരീടം ഇന്ത്യൻ ആരാധകർ സ്വപ്നം കാണുന്നു.
ആ സ്വപ്നം സഫലമാക്കാൻ രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യക്കു സാധിക്കുമോ എന്നതിനായാണു കാത്തിരിപ്പ്. ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയായി 12 നഗരങ്ങളിലായാണ് 2023 ലോകകപ്പ് അരങ്ങേറുന്നത്.
ഇന്ത്യക്കു രണ്ടു പ്രശ്നം
ടീം ഇന്ത്യ അഭിമുഖീകരിക്കുന്നതു പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ്. ബാറ്റിംഗിൽ നാലാം നന്പറിൽ ഒരു വിശ്വസ്തൻ ഇല്ല. അതുപോലെ യുവരാജ് സിംഗിനെ പോലൊരു ഓൾ റൗണ്ടറും ഇല്ല. 2011 ലോകകപ്പിൽ ഇന്ത്യ ചാന്പ്യന്മാരായപ്പോൾ യുവരാജ് സിംഗായിരുന്നു പ്ലെയർ ഓഫ് ദ സീരീസ്. യുവിയുടെ വിരമിക്കലിനുശേഷം സമാന ക്വാളിറ്റിയുള്ള ഒരു താരം ഇതുവരെ ഉണ്ടായിട്ടില്ലെന്നു രോഹിത് ശർമതന്നെ സമ്മതിച്ചതാണ്.
ശ്രേയസ് അയ്യരായിരുന്നു സമീപനാളിൽ ഇന്ത്യയുടെ വിശ്വസ്തനായ നാലാം നന്പർ ബാറ്റർ. എന്നാൽ, പരിക്കിനെത്തുടർന്ന് ശ്രേയസ് അയ്യർ പുറത്തായതോടെ വീണ്ടും പ്രശ്നം തലപൊക്കി. 2019 ഏകദിന ലോകകപ്പിനുശേഷം 11 കളിക്കാരെയാണ് ഇന്ത്യ നാലാം നന്പറിൽ മാറിമാറി പരീക്ഷിച്ചത്.
വിരമിച്ച സ്റ്റോക്സ് തിരിച്ചെത്തും?
ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിനായി ഇംഗ്ലീഷ് ടീമിലേക്കു ബെൻ സ്റ്റോക്സ് തിരിച്ചെത്തിയേക്കുമെന്നു സൂചന. ഇംഗ്ലണ്ട് പരിശീലകനായ മാത്യു മോട്ടിന്റെ താത്പര്യപ്രകാരമാണു സ്റ്റോക്സിന്റെ തിരിച്ചുവരവ്. ‘
2022 ജൂലൈയിൽ സ്റ്റോക്സ് രാജ്യാന്തര ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചതാണ്. സ്റ്റോക്സിനൊപ്പം ജോഫ്ര ആർച്ചറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണു മാത്യു മോട്ട്.
ന്യൂസിലൻഡ് പര്യടനത്തിനിടെ പരിക്കേറ്റ ബെൻ സ്റ്റോക്സ് ഐപിഎല്ലിൽനിന്നു വിട്ടുനിന്നിരുന്നു. ഇംഗ്ലണ്ട് കന്നിക്കിരീടത്തിലെത്തിയ 2019 ഏകദിന ലോകകപ്പ് ഫൈനലിൽ സ്റ്റോക്സായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
കമ്മിൻസ് കളിക്കും
ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി സ്ഥിരീകരണമെത്തി, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2023 ഐസിസി ഏകദിന ലോകകപ്പ് കളിക്കും. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ അരക്കെട്ടിനു പരിക്കേറ്റിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 30ന് ആരംഭിക്കുന്ന ട്വന്റി-20, ഏകദിന പരന്പരയിൽ കമ്മിൻസ് പൂർണമായി ഉണ്ടാകില്ല. എന്നാൽ, ലോകകപ്പിനു മുന്നോടിയായി അരങ്ങേറുന്ന ഇന്ത്യക്കെതിരായ ഏകദിന പരന്പരയിൽ കളിക്കും. ലോകകപ്പിൽ ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഒക്ടോബർ എട്ടിനാണ്. ലോകകപ്പിനുള്ള സാധ്യതാ ടീമിനെ ഇതുവരെ പ്രഖ്യാപിച്ച ഏകടീമാണ് ഓസ്ട്രേലിയ.
ടിക്കറ്റ് രജിസ്ട്രേഷൻ
2023 ഏകദിന ലോകകപ്പിന്റെ ടിക്കറ്റുകൾക്കായുള്ള രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. https://www.cricketworldcup.com /register എന്ന ലിങ്കിലൂടെ ലോകകപ്പ് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം.