ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തിയ അത്യാവേശ പോരാട്ടത്തിൽ ക്രിക്കറ്റിന്റെ തല തൊട്ടപ്പന്മാരായ ഇംഗ്ലണ്ടിന് കിരീടം. ഇംഗ്ലണ്ടി ന്റെ കന്നി ഏകദിന ലോകകപ്പ് കിരീടമാണ്. ക്രിക്കറ്റിന്റെ തിരുമുറ്റമായ ലോഡ്സിൽ നടന്ന കിരീട യുദ്ധത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ടൈ പാലിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ലോകകപ്പ് കിരീട ജേതാവിനെ സൂപ്പർ ഓവറിലൂടെ നിശ്ചയിക്കേണ്ടിവന്നത് ചരിത്രത്തിൽ ആദ്യമായാണ്.
ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ 50-ാം ഓവറിൽ ദൈവത്തിന്റെ ഇടപെടലിലൂടെ ആതിഥേയർക്ക് നാല് റണ്‍സ് ബൈ ലഭിച്ചതാണ് മത്സരം അടിമുടി മാറ്റിയത്. 84 റണ്‍സ് നേടി പുറത്താകാതെനിന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം നയിച്ച ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോൾ ബാറ്റിൽ ത്രോ ബോൾ കൊണ്ടാണ് ബൗണ്ടറി ലഭിച്ചത്.
സൂപ്പർ ഓവർ
സൂപ്പർ ഓവറിൽ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു ബൗളറും തമ്മിലാണ് പോരാട്ടം. ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ടീം ബാറ്റിംഗ് തുടരുകയെന്നതാണ് സൂപ്പർ ഓവറിന്റെ നിയമം. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സും ജോസ് ബട്ലറും ക്രീസിലെത്തി. ന്യൂസിലൻഡിന്റെ സൂപ്പർ ഓവർ എറിഞ്ഞ ബോൾട്ടിന്റെ ആറ് പന്തിൽ ഇംഗ്ലണ്ട് 15 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറാണ് സൂപ്പർ ഓവർ എറിയാനെത്തിയത്.
സൂപ്പർ ഓവറിൽ രണ്ട് ടീമുകളും 15 റൺസ് വീതം നേടിയതോടെ ഇന്നിംഗ്സിൽ ഏറ്റവും അധികം ബൗണ്ടറി നേടിയ ടീമായ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ 22 ഫോറും രണ്ട് സിക്സും ഉണ്ടായിരുന്നപ്പോൾ ന്യൂസിലൻഡിന് 14 ഫോറും രണ്ട് സിക്സും മാത്രമായിരുന്നു.
നിക്കോളാസ്, ലാഥം…
ടോസ് ജയിച്ച് ക്രീസിലെത്തിയ ന്യൂസിലൻഡിന് പതിവ് പോലെ തുടക്കത്തിൽത്തന്നെ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടപ്പെട്ടു. 18 പന്തിൽ ഒരു സിക്സും രണ്ട് ഫോറും ഉൾപ്പെടെ 19 റണ്‍സ് എടുത്തശേഷമായിരുന്നു ഗപ്റ്റിൽ, ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടങ്ങിയത്. ജോഫ്ര ആർച്ചറെ സിക്സർ പറത്തിയ ഗപ്റ്റിൽ കിവീസിനെ മികച്ച സ്കോറിലെത്തിക്കുമെന്ന തോന്നൽ ആദ്യ ഓവറുകളിൽ ഉണ്ടായിരുന്നു.
പതിവിനു വിപരീതമായി ക്യാപ്റ്റൻ കെയ്ൻ വില്യംസണ് നേരത്തേ മടങ്ങുന്നതും ലോഡ്സിൽ കണ്ടു. 53 പന്തിൽ 30 റണ്‍സ് എടുത്ത വില്യംസണിനെ ലിയാം പ്ലങ്കെറ്റ് വിക്കറ്റിനു പിന്നിൽ ജോസ് ബട്ലറിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ നിക്കോളാസിനൊപ്പം 74 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് വില്യംസണ് മടങ്ങിയത്. കിവീസ് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ടും ഇതായിരുന്നു.
77 പന്തിൽ നാല് ഫോറിന്റെ സഹായത്തോടെ 55 റണ്‍സ് നേടിയ ഹെൻറി നിക്കോളാസ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറർ. ടോം ലാഥം 56 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 47 റണ്‍സ് എടുത്തു. റോസ് ടെയ്ലർ (15 റണ്‍സ്), ജയിംസ് നീഷം (19 റണ്‍സ്), കോളിൻ ഗ്രാൻഡ്ഹോം (16 റണ്‍സ്) എന്നിവർ വേഗത്തിൽ മടങ്ങിയത് കിവീസിനു തിരിച്ചടിയായി. ആറാം വിക്കറ്റിൽ ഗ്രാൻഡ്ഹോമും ലാഥവും 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
റൂട്ടിനും പ്ലങ്കെറ്റിനും റിക്കാർഡ്
ഒരു പരന്പരയിലോ ടൂർണമെന്റിലോ ഏറ്റവും അധികം ക്യാച്ച് എടുക്കുന്ന താരമെന്ന റിക്കാർഡ് ഇന്നലെ ജോ റൂട്ട് സ്വന്തമാക്കി. ഒരു ലോകകപ്പിൽ ഏറ്റവും അധികം ക്യാച്ച് എന്ന റിക്കാർഡ് സെമിയിൽ ഇംഗ്ലീഷ് താരം നേടിയിരുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ജയിംസ് നീഷത്തിന്റെ ക്യാച്ച് എടുത്തതോടെ റൂട്ടിന്റെ ഈ ടൂർണമെന്റിലെ ക്യാച്ചുകളുടെ എണ്ണം 13 ആയി.
ലോകകപ്പ് ഫൈനലിൽ മൂന്നോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായംകൂടിയ ബൗളർ എന്ന നേട്ടമാണ് ലിയാം പ്ലങ്കെറ്റ് (3/42) ഇന്നലെ നേടിയത്. ഇംഗ്ലണ്ടിനായി ലോകകപ്പ് ഫൈനലുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബൗളർ എന്ന നേട്ടം ക്രിസ് വോക്സ് (3/37) സ്വന്തമാക്കി.
സ്റ്റോക്സ്, ബട്ലർ
242 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ കിവീസ് ബൗളർമാർ വരിഞ്ഞു മുറുക്കി. ഇംഗ്ലണ്ടിന്റെ അതിശക്തമായ ഓപ്പണിംഗ് സഖ്യമായ ജേസണ്‍ റോയ് (17 റണ്‍സ്), ജോണി ബെയർസ്റ്റോ (36 റണ്‍സ്), റണ്‍വേട്ടക്കാരനായ ജോ റൂട്ട് (ഏഴ് റണ്‍സ്) എന്നിവരെ 71 റണ്‍സിനിടെ ന്യൂസിലൻഡ് പുറത്താക്കി.
തൊട്ട് പിന്നാലെ ക്യാപ്റ്റൻ ഇയോൻ മോർഗനെയും (ഒന്‍പത് റണ്‍സ്) നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ട് 23.1 ഓവറിൽ നാലിന് 86 എന്ന നിലയിലായി. ജയിംസ് നീഷമിന്റെ പന്തിൽ ലോക്കീ ഫെർഗൂസന്റെ അത്യുജ്വല ക്യാച്ചിലൂടെയായിരുന്നു മോർഗൻ മടങ്ങിയത്.തുടർന്ന് ക്രീസിൽ ഒന്നിച്ച ജോസ് ബട്ലറും (59 റണ്‍സ്) ബെൻ സ്റ്റോക്സും ചേർന്ന് അഞ്ചാം വിക്കറ്റിൽ 110 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് പോരാട്ടത്തിലേക്ക് തിരിച്ചെത്തി.
എന്നാൽ, ബട്ലറിനെ ഫെർഗൂസന്റെ പന്തിൽ മികച്ചൊരു ക്യാച്ചിലൂടെ ടിം സൗത്തി മടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായി. അവസാന രണ്ട് ഓവറിൽ 24 റണ്‍സ് ആയിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം. അവാസ ഓവർ ആയപ്പോൾ അത് 15 ആയി. അവസാന ഓവറിന്റെ രണ്ടാം പന്തിൽ സ്റ്റോക്സ് ബോൾട്ടിനെ സിക്സർ പറത്തി. മൂന്നാം പന്തിൽ ബോൾട്ടിനെ മിഡ് വിക്കറ്റിലൂടെ സ്റ്റോക്സ് സിക്സർ പറത്തി.
തൊട്ടടുത്ത പന്തിൽ രണ്ട് റണ്‍സ് ഓടുന്നതിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റിൽ ഗപ്റ്റിലിന്റെ ത്രോ കൊണ്ട് ബൗണ്ടറി ലഭിച്ചതോടെ ഇംഗ്ലണ്ടിന്റെ ലക്ഷ്യം രണ്ട് പന്തിൽ മൂന്ന് റണ്‍സിലേക്ക് ചുരുങ്ങി. അവസാന പന്തിൽ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി ബെൻസ്റ്റോക്സ് ഒരു റണ്‍സ് നേടി. രണ്ടാം റണ്ണിനായി ശ്രമിച്ചെങ്കിലും മാർക്ക് വുഡിനെ റണ്ണൗട്ടാക്കി ന്യൂസിലൻഡ് മത്സരം ടൈ ആക്കി.
സ്കോർബോർഡ്
ടോസ്: ന്യൂസിലൻഡ്
ന്യൂസിലൻഡ് ബാറ്റിംഗ്: ഗപ്റ്റിൽ എൽബിഡബ്ല്യു ബി വോക്സ് 19, നിക്കോളാസ് ബി പ്ലങ്കെറ്റ് 55, വില്യംസണ് സി ബട്ലർ ബി പ്ലങ്കെറ്റ് 30, റോസ് ടെയ്ലർ എൽബിഡബ്ല്യു ബി മാർക്ക് വുഡ് 15, ലാഥം സി വിൻസി (സബ്) ബി വോക്സ് 47, നീഷം സി റൂട്ട് ബി പ്ലങ്കെറ്റ് 19, ഗ്രാൻഡ്ഹോം സി വിൻസി (സബ്) ബി വോക്സ് 16, സാന്റ്നർ നോട്ടൗട്ട് 5, മാറ്റ് ഹെൻറി ബി ആർച്ചർ 4, ബോൾട്ട് നോട്ടൗട്ട് 1, എക്സ്ട്രാസ് 30, ആകെ 50 ഓവറിൽ 241.
വിക്കറ്റ് വീഴ്ച: 29/1, 103/2, 118/3, 141/4, 173/5, 219/6, 232/7, 240/8.
ബൗളിംഗ്: ക്രിസ് വോക്സ് 9-0-37-3, ആർച്ചർ 10-0-42-1, പ്ലങ്കെറ്റ് 10-0-42-3, മാർക്ക് വുഡ് 10-1-49-1, ആദിൽ റഷീദ് 8-0-39-0, സ്റ്റോക്സ് 3-0-20-0.
ഇംഗ്ലണ്ട് ബാറ്റിംഗ്: ജേസണ്‍ റോയ് സി ലാഥം ബി ഹെൻറി 17, ബെയർസ്റ്റോ ബി ഫെർഗൂസണ് 36, റൂട്ട് സി ലാഥം ബി ഗ്രാൻഡ്ഹോം 7, മോർഗൻ സി ഫെർഗൂസണ് ബി നീഷം 9, ബെൻ സ്റ്റോക്സ് നോട്ടൗട്ട് 84, ബട്ലർ സി സൗത്തി (സബ്) ബി ഫെർഗൂസണ് 59, വോക്സ് സി ലാഥം ബി ഫെർഗൂസണ് 2, പ്ലങ്കെറ്റ് സി ബോൾട്ട് ബി നീഷം 10, ആർച്ചർ ബി നീഷം 0, റഷീദ് റണ്ണൗട്ട് 0, മാർക്ക് വുഡ് റണ്ണൗട്ട് 0, എക്സ്ട്രാസ് 17, ആകെ 50 ഓവറിൽ 241.
വിക്കറ്റ് വീഴ്ച: 28/1, 59/2, 71/3, 86/4, 196/5, 203/6, 220/7, 227/8, 240/9, 241/10.
ബൗളിംഗ്: ബോൾട്ട് 100-67-0, മാറ്റ് ഹെൻ റി 10-2-40-1, ഗ്രാൻഡ്ഹോം 10-2-25-1, ഫെർഗൂസണ് 10-0-50-3, നീഷം 7-0-43-3, സാന്റ്്നർ 3-0-11-0.