ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ടൂര്‍ണമെന്റിന്റെ 12-ാം എഡിഷന് ലോകകപ്പിന് മേയ് 30ന് ഇംഗ്ലണ്ടില്‍ തുടക്കമാകും. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളുണ്ട്. ഇവര്‍ക്കു വെല്ലുവിളിയാകാന്‍ പാക്കിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളുമുണ്ട്. എന്തുതന്നെയായാലും ഇത്തവണത്തെ ടൂര്‍ണമെന്റ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയതും ആവേശകരവുമാകും.
കഴിഞ്ഞ ലോകകപ്പിനുശേഷമുള്ള കണക്കുനോക്കിയാല്‍ ഈ പത്തുടീമുകള്ക്കും മികച്ച വിജയം അവകാശപ്പെടാനുണ്ട്. ഇതില്‍ ഇംഗ്ലണ്ടിന്റെ പ്രകടനമാണ് ഗംഭീരമായിരിക്കുന്നത്. ബാറ്റിംഗില്‍ ടീം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.
2015 ലോകകപ്പിനുശേഷം ഇതുവരെയുള്ള കണക്കില്‍ ജയ, തോല്‍വി അനുപാതത്തില്‍ ഇംഗ്ലണ്ടാണ് മുന്നില്‍. നാട്ടില്‍ നടക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിനെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ റണ്‍സ് പിന്തുടര്ന്ന് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാമത്തെ വലിയ ജയം നേടി. പാക്കിസ്ഥാനുയര്‍ത്തിയ വിജയ ലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി അഞ്ച് ഓവര്‍ ബാക്കിയിരിക്കേ മറികടന്നു.
അധികം വിയര്പ്പെഴുക്കാതെ ഇംഗ്ലണ്ട് 350ലേറെ റണ്‍സ് മറികടന്നതുകൊണ്ട് ഒരു കാര്യം മനസിലാക്കാം ഇത്തവണത്തെ ലോകകപ്പ് ബാറ്റ്സ്മാന്മാരുടേതാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന്. സാധാണ ബൗളിംഗിനെ, പ്രത്യേകിച്ച് പേസിനെ അനുകൂലിക്കുന്ന പിച്ചുകള്‍ക്കു പകരം റണ്ണൊഴുകുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേതും.
2015 ലോകകപ്പിനുശേഷം ഇതുവരെ 469 ഏകദിനങ്ങള്‍ കളിച്ചു. ഇതിലെ 128 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 300 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്തു. വിജയശതമാനം ഉയരുകയും ചെയ്തു. അതായത് 128 മത്സരങ്ങളിൽ 99 എണ്ണത്തില്‍ ആദ്യ ബാറ്റ് ചെയ്തവര്‍ ജയിച്ചപ്പോള്‍ വിജയശതമാനം 77 ആയി. 341 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവര്‍ 300ല്‍ താഴെ സ്കോര്‍ ചെയ്തപ്പോള്‍ വിജയശതമാനം 38 ആയി താണു. 130 മത്സരങ്ങളിലേ ജയിക്കാനായിള്ളൂ.
ലോകകപ്പിലെ ആതിഥേയരായ ഇംഗ്ലണ്ടില്‍ 2015 ലോകകപ്പിനുശേഷം 56 ഏകദിനങ്ങള്‍ കളിച്ചു. ഇതില്‍ ആദ്യ ബാറ്റ് ചെയ്തവര്‍ 300നപ്പുറം സ്കോര്‍ ചെയതപ്പോള്‍ അത് 18 തവണ ചേസ് ചെയ്തു ജയിക്കാനായി. ഇംഗ്ലണ്ട് ടീം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ചേസ് ചെയ്ത് നാട്ടില്‍ ഇംഗ്ലണ്ട് നേടുന്ന തുടര്‍ച്ചയായ 16മത്തെതായിരുന്നു ചൊവ്വാഴ്ച പാക്കിസ്ഥാനെതിരേ നേടിയത്. ഇതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 300നപ്പുറം സ്കോര്‍ ചെയ്താലും അത് അത്ര വലുതല്ല. ചേസ് ചെയ്യാന്‍ സാധ്യതകള്‍ ഉണ്ട്.
2015 ലോകകപ്പിനുശേഷം ഇംഗ്ലണ്ട് നാലു തവണ 400 റണ്‍സിനപ്പുറം സ്കോര്‍ ചെയ്തു. ഇതില്‍ രണ്ടു പ്രാവശ്യവും അവര്‍ ഏകദിനത്തിലെ റിക്കാര്‍ഡ് സ്കോര്‍ ഭേദിക്കുകയും ചെയ്തു. രണ്ടും ഇംഗ്ലണ്ടില്തന്നെയായിരുന്നു. 2016 ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരേ മൂന്നു വിക്കറ്റിന് 444, അതിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ കഴിഞ്ഞ ജൂണില്‍ ആറു വിക്കറ്റിന് 481. രണ്ടു മത്സരവും നോട്ടിംഗ്ഹാമിലായിരുന്നു. നാലു തവണ 400നു മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള ഇംഗ്ലണ്ട് മൂന്നു തവണയും നാട്ടില്‍ വച്ചാണ് ഈ നേട്ടത്തിലെത്തിയത്.
ഇംഗ്ലണ്ടില്‍ 400നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധ്യതകള്‍ ധാരാളമുള്ളതിനാല്‍ ഈ ലോകകപ്പില്‍ 500 റണ്‍സ് പിറക്കുമോയെന്നു കാത്തിരുന്നു കാണാം. ഇതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.
ഐപിഎലില്‍ അടിച്ചു തകര്‍ത്ത ആന്ദ്ര റസല്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്, ക്രിസ് ഗെയ്ല്, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ക്വിന്റണ്‍ ഡി കോക്്, ഫഫ് ഡു പ്ലസി എന്നിവരെത്തുമ്പോള്‍ ഈ സംഖ്യ അത്ര ബുദ്ധിമുട്ടാകില്ല. ഇവരെ കൂടാതെ അലക്സ് ഹെയ്ൽസ്, ജേസണ്‍ റോയ്, ഇയോന്‍ മോര്ഗന്, ഗ്ലെന്‍ മാക്സ് വെല്‍, മാര്ട്ടിന് ഗപ്ടില്‍, റോസ് ടെയ്ലര് എന്നിവരുമെത്തുമ്പോള് ലോകകപ്പില്‍ വന്‍ സ്കോറുകള്‍ പ്രതീക്ഷിക്കാം.