ലോകമൊന്നാകെ റഷ്യയിലേയ്ക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, കഴിഞ്ഞ ഒരു മാസക്കാലമായി. കാരണം മറ്റൊന്നുമല്ല, റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പ് മത്സരം തന്നെ. ലോകകപ്പിനോടനുബന്ധിച്ച് കേരളക്കരയിലും ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇഷ്ട ടീമുകളെ പിന്തുണച്ച് നഗരത്തിലും ഗ്രാമത്തിലുമെല്ലാം, മുക്കിലും മൂലയിലുമെല്ലാം ഫ്ളക്സുകളും കട്ടൗട്ടുകളുമെല്ലാം വച്ച് അവര്‍ ആഘോഷിക്കുകയാണ്. ലോകകപ്പിനോടനുബന്ധിച്ച് കേരളത്തില്‍ ഉയര്‍ത്തിയ ഫ്ളക്സുകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300 കോടി രൂപയുടെ ഫ്ളക്സുകളാണെന്നാണ് റിപ്പോര്‍ട്ട്. ഫുട്ബോള്‍ തുടങ്ങിയ ആദ്യ ആഴ്ചയിലെ കണക്ക് മാത്രമാണിത്. ഫ്ളക്സ് പ്രിന്‍േറഴ്സ് ഓണേഴ്സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണിത്. എന്നാല്‍ ഇത് മുന്‍ ലോകകപ്പിനെ അപേക്ഷിച്ച് കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന്റെ നിരാശയിലുമാണവര്‍.
അതേ സമയം ഫ്ളക്സ് ഉണ്ടാക്കുന്ന രൂക്ഷമായ മാലിന്യപ്രശ്നങ്ങള്‍ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. നേരത്തെ ലോകകപ്പ് ഫുട്ബോളില്‍നിന്നും പുറത്ത് പോയ ടീമുകളുടെ ആരാധകര്‍ ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കണ്ണൂരിനെ ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു കളക്ടറുടെ പോസ്റ്റ്.