സ്വന്തം ലേഖകന്‍
കോഴിക്കോട്: മഴക്കാലവും ലോകകപ്പ് ഫുട്ബോള്‍ മത്സരവും ഒരുമിച്ചെത്തിയതോടെ ഉറക്കമൊഴിച്ച് കെഎസ്ഇബി. ഒരുമാസക്കാലം വൈദ്യുതിമുടക്കം ഉണ്ടാകില്ലെന്ന് മന്ത്രി എം.എം.മണി അറിയിച്ചതോടെ ഇത് നടപ്പില്‍ വരുത്താനുള്ള നെട്ടോട്ടത്തിലാണ് ജീവനക്കാര്‍ .
വൈദ്യുതിമുടക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചീഫ് എന്‍ജീനീയറെ ചുമതലപ്പെടുത്തി. എന്നാല്‍ വഴിയോരങ്ങളിലെ മരങ്ങള്‍ പൊട്ടിവീഴുന്നത് മിക്കതും വൈദ്യുതി ലൈനിനുമുകളിലേക്കായതിനാല് വൈദ്യുതിമുടക്കം പരിഹരിക്കുക എന്നതും വെല്ലുവിളിയാണ്.ഒരേസമയം അഗ്നിശമന സേനയും കെഎസ്ഇബിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈദ്യുതിമുടക്കം പരിഹരിക്കാന്‍ കഴിയൂ.
ഫുട്ബോള്‍ പ്രേമികള്‍ ഏറെയുള്ള മലബാറില്‍ ഇനി കെഎസ്ഇബി ഓഫീസുകള്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല.
നിലവില്‍ 1912 ടോൾഫ്രീ നന്പറിലും , 9496001912 വാട്ട്സ് അപ്പ് നന്പറിലും പരാതികള്‍ അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.
പോസ്റ്റ് നമ്പര്‍ സഹിതം നിരവധിപരാതികളാണ് കെഎസ്ഇബി ഓഫീസുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ മൂലം വ്യാപകമായ വൈദ്യുതി തടസ്സം ഉണ്ടാകുന്നതായി പരാതികള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.
മഴക്കാലത്തിന് മുന്നോടിയായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാത്ത ഇടങ്ങളില്‍ അടിയന്തിരമായി അവ പൂര്‍ത്തീകരിക്കാനും എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും അവരവരുടെ അധികാരപരിധി ഉപയോഗിച്ച് അടിയന്തിരമായി സാധന സാമഗ്രികള്‍ വാങ്ങണമെന്നും അതിനായുള്ള പ്രത്യേക മേല്‍നോട്ടം ചീഫ് എന്‍ജിനീയര്‍ തലത്തില്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയില്‍ സംസ്ഥാനത്തുടനീളം വൈദ്യൂതിബന്ധം താറുമാറായി. ഇത് പുന.സഥാപിക്കാന്‍ സമയമെടുക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍മീഡികള്‍ വഴി കെഎസ്ഇബിക്കെതിരേ വ്യാപക ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ ലഭിക്കുന്ന പരാതികള്‍ അതാത് സമയത്തുതന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നയായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ദിനം പ്രതി നൂറ് കണക്കിന് ഫോണ്‍ വിളികളാണ് വരുന്നത്. മലയോര മേഖലകളില്‍ വൈദ്യൂതിമുടക്കമുണ്ടാകുമ്പോള് പരിഹരിക്കാന്‍ സമയമെടുക്കാറുണ്ടെങ്കിലും നഗര പ്രദേശങ്ങളില്‍ എത്രയും പെട്ടെന്ന് പരിഹരിക്കാറുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
അതേസമയം കളിക്കിടയില്‍ വൈദ്യൂതി തടസ്സം നേരിട്ടാല്‍ കൈാര്യം ചെയ്യുമെന്ന മുന്നറിയിപ്പുകൾ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്നുണ്ട്. കളി രാത്രി സമയത്തായതിനാല്‍ പൊതുവേജീവനക്കാരും വാഹനസൗകര്യവും കുറവുള്ള കെഎസ്ഇബിയ്ക്ക് എത്രമാത്രം ഫലപ്രദമായി പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുമെന്ന കാര്യവും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി തടസങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ചീഫ് എഞ്ചിനീയര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നതായി കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.