ലോകം റഷ്യയിലേക്കു കുടിയേറി, റഷ്യയാകട്ടെ ലോക തലസ്ഥാനവുമായി. ഇനിയുള്ള ദിനങ്ങൾ ടെൽസ്റ്റാർ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് ലോക രാജ്യങ്ങളും, 736 കളിക്കാരും വോൾഗാ നദിയുടെ തരംഗമാലകളിൽ ലയിക്കും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തിൽ 21-ാം എഡിഷൻ ഫിഫ ലോകകപ്പ് ഫുട്ബോളിനു കിക്കോഫ്.
നീലയും ചുവപ്പും വെള്ളയും ഇടകലർന്ന റഷ്യയുടെ ത്രിവർണ പതാകയുടെ കീഴിൽ മുപ്പത്തിയൊന്നു ദിനരാത്രങ്ങളിൽ ഫുട്ബോൾ വസന്തം നിറയും. ചരിത്രത്തിൽ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലുഷ്നികി സ്റ്റേഡിയ കവാടത്തിൽ ഉയർത്തിയിരിക്കുന്ന ലെനിൻ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപം വിളിച്ചോതുന്നു.
റഷ്യൻ നഗരങ്ങളും തെരുവോരങ്ങളും രാജ്യത്തലവന്മാരെയും, താരങ്ങളെയും, ഒഫീഷലുകളെയും, ആരാധകരെയുമെല്ലാം സ്വീകരിക്കാനും നേരിൽക്കാണാനും വെന്പിനിൽക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.
കടകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ, മധുരപലഹാര ഷോപ്പുകൾ, കായിക ഷോപ്പുകൾ, എവിടെയും എല്ലായിടത്തും കാൽപ്പന്തിന്റെ എന്തെങ്കിലും പ്രത്യേകത നിറഞ്ഞു നിൽക്കുന്നുണ്ടാവും. ആധുനികതയുടെ പുതുചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തിൽ രാജ്യത്തെ 11 പ്രധാന നഗരങ്ങളിൽ 12 കൂറ്റൻ സ്റ്റേഡിയങ്ങൾ മാടിവിളിക്കുകയായി.
കുട്ടികളെ ആകർഷിക്കാൻ കളിപ്പാട്ടങ്ങളൊക്കെയും കാൽപ്പന്തുമായി ബന്ധിപ്പിച്ചുള്ള നിർമാണം. അവയുടെ വിൽപ്പന പൊടിപൊടിക്കുന്പോൾ മറ്റു ഷോപ്പുകളിൽ വ്യത്യസ്ത നിറങ്ങൾ തയാറാക്കിവച്ച് കാത്തുനിൽക്കുന്ന യുവതികൾ കുട്ടികളെയും, ആരാധകരെയും ആകർഷിച്ച് ഇഷ്ടതാരങ്ങളുടെയും, ടീമിന്റെയും നിറങ്ങൾ കൂട്ടിച്ചേർത്തു ശരീരഭാഗങ്ങളിൽ മെഴുകിയൊരുക്കുന്ന ചിത്രങ്ങൾ.
ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് മനസിലാക്കി വരയ്ക്കാൻ റെഡിയായി നിൽക്കുന്നവരുടെ കാഴ്ചയും അത്ഭുതപ്പെടുത്തും. വിവിധ വേഷങ്ങൾ ധരിച്ചു നടക്കുന്ന ആരാധകർ തങ്ങളുടെ മൊബൈലുകളിൽ താൽപ്പര്യങ്ങൾ നോക്കി എടുക്കുന്ന സെൽഫികൾ, നിരത്തിലോടുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധ നിറത്തിലുള്ള വൈവിധ്യ രാജ്യങ്ങളുടെ പതാകകൾ എന്നു വേണ്ട എല്ലാം ദേശീയതയുടെ, അന്തർദേശീയതയുടെ നിറക്കൂട്ടിൽ ടെൽസ്റ്റാർ 18 മയത്തിലമരുന്നു.
ഫുട്ബോളിനെ നെഞ്ചിലേറ്റാൻ തയാറായിരിക്കുന്ന ആരാധകർക്ക് ഗാലറിക്കു പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാൻ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഭീമാകാരമായ ടെലിവിഷൻ സ്ക്രീനുകളും സജ്ജമായിക്കഴിഞ്ഞു.
ഫുട്ബോൾ തെമ്മാടിക്കൂട്ടങ്ങളെ (ഹൂളിഗൻസ്) അടക്കി നിർത്താൻ അതിലുപരി, ഏതുതരത്തിലുള്ള ഭീകരാക്രമണവും നേരിടാൻ എവിടെയും സജ്ജമായി നിൽക്കുന്ന പൊലീസും, ആയുധധാരികളായ പട്ടാളവും ഒക്കെ രാജ്യത്തിന്റെ ക്രമസമാധാന ചുമതല കൈക്കുള്ളിലാക്കിക്കഴിഞ്ഞു. രാജ്യമെന്പാടും സിസി ടിവികളും കാമറകണ്ണുകളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു വലയവും റഷ്യയെ പൊതിഞ്ഞുകഴിഞ്ഞു.
ലോകകപ്പ് നടത്താൻ 2010ൽ ഫിഫയുടെ അനുമതി ലഭിച്ചതു മുതൽ, റഷ്യക്ക് സമാധാനപരമായി ലോകകപ്പ് നടത്താനാകില്ലെന്ന വിമർശനമുന്നയിച്ച രാജ്യങ്ങൾക്കൊക്കെയും പ്രതികാര മധുരത്തിൽ പൊതിഞ്ഞു നൽകുന്ന മറുപടികൂടിയാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ.
അത്യാധുനിക ശിൽപചാരുതയോടെയും സാങ്കേതികത്തികവിലും നിർമിച്ച ലുഷ്നികി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച് ജൂലൈ 15ന് ഇവിടെത്തന്നെ കൊടിയിറങ്ങുന്ന ലോകകപ്പ് പൊടിപൂരത്തിന്റെ വിശേഷത്തിനായി ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നു. 80,788 ആളുകൾക്ക് ഇരിപ്പിട സൗകര്യമുള്ള ലുഷ്നികി സ്റ്റേഡിയത്തിലേക്ക് ആദ്യ വിസിലിനായി ലോകം കാതോർക്കുകയാണ്. ഇന്ത്യൻ സമയം വൈകുന്നേരം ആറുമുപ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്.
അന്താരാഷ്ട്ര പോലീസ് സെന്റർ
മോസ്കോ: ലോകകപ്പിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഏകോപനത്തിന് റഷ്യയിൽ സെന്റർ തുറന്നു. ലോകകപ്പിനു യോഗ്യത നേടിയ 32 രാജ്യങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും.
റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടു നീക്കുന്നത്. ലോകകപ്പ് സുരക്ഷയ്ക്കായി പ്രത്യേകം പോലീസ് യൂണിറ്റും രൂപീകരിച്ചിരുന്നു.
ഇതിനിടെ, ലോകകപ്പ് സുരക്ഷയ്ക്ക് അമിതമായി പോലീസുകാരെ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് റഷ്യൻ പോലീസ് ട്രേഡ് യൂണിയൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ