മോസ്കോ: ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളില്‍ ഒരിക്കല്‍ക്കൂടി ഇതിഹാസം രചിച്ചു. മഴ സന്തോഷക്കുടപിടിച്ച മോസ്കോ ലുഷ്നികി സ്റ്റേഡിയത്തിൽ ഫ്രഞ്ച് സംഘം ലോകചാന്പ്യന്മാരുടെ കിരീടം ചുണ്ടോടുചേർത്തു. ഫ്രാൻസിന്റെ രണ്ടാം ലോകകിരീടമാണിത്. 1998ൽ ചാന്പ്യന്മാരായ ഫ്രാൻസ് 2006ൽ ഫൈനലിൽ എത്തിയിരുന്നു. യൂറോപ്പിൽനിന്ന് ഒന്നിലധികം തവണ ലോക ചാന്പ്യന്മാരാകുന്ന മൂന്നാമത്തെ ടീമാണ് ഫ്രാൻസ് (ഇറ്റലി, ജർമനി എന്നിവ നാല് വീതം).
റഷ്യ 2018 ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി ഫൈനല്‍ വരെയെത്തിയ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചാണ് ദിദിയെ ദെഷാംപ് പരിശീലിപ്പിച്ച ഫ്രഞ്ച് സംഘം കിരീടമുയര്‍ത്തിയത്. ഫ്രാന്‍സ് 1998ല്‍ കിരീടം നേടുമ്പോള്‍ ജനിച്ചിട്ടില്ലാത്ത കൈലിയന്‍ എംബാപ്പെ ഈ ലോകകപ്പില്‍ ഒരു ഗോളടിച്ച് ചരിത്രം കുറിച്ചു. സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്.
ഇതിനു മറുപടിയും ക്രൊയേഷ്യ നല്കി. എന്നാല്‍, ആദ്യ പകുതി തീരുംമുമ്പ് ഫ്രാന്‍സ് പെനല്‍റ്റിയിലൂടെ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ഒരു ഗോള്‍ കൂടി അടിക്കും മുമ്പ് രണ്ട് ഗോളടിച്ച് ഫ്രാന്‍സ് കിരീടം ഉറപ്പിച്ചു. പന്തടക്കത്തിലോ പാസിംഗ് മികവിലോ അല്ല കാര്യമെന്ന് തെളിയിക്കുന്നതായിരുന്നു ഈ മത്സരം. എല്ലാംകൊണ്ടും മുന്നില്‍ ക്രൊയേഷ്യയായിരുന്നു. വലിയ മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്തിന്റെ കുറവും അവരുടെ പ്രകടനത്തിലുണ്ടായിരുന്നു. വഴങ്ങിയ ഗോളുകളും നഷ്ടമാക്കിയ അവസരങ്ങളും ക്രൊയേഷ്യയുടെ പരിചയക്കുറവ് വെളിവാക്കുന്നതായിരുന്നു.
തുടക്കത്തിലേ പന്തിലുള്ള നിയന്ത്രണം പിടിച്ചെടുത്ത ക്രൊയേഷ്യ മികച്ച മുന്നേറ്റം നടത്തി. പന്തുമായി മുന്നേറിയ ക്രൊയേഷ്യന്‍ താരങ്ങള്‍ ഫ്രഞ്ച് ബോക്സിലേക്ക് ഇരച്ചെത്തിത്തുടങ്ങി. എന്നാല്‍, ഫ്രഞ്ച് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍ ബോക്സിന്റെ മുന്നില്‍വച്ചേ പൊലിഞ്ഞു. ചിലത് കോര്‍ണറിൽ കലാശിച്ചു. ഇടയ്ക്ക് ഫ്രഞ്ചുകാരും ആക്രമണം നടത്തി. എന്നാല്‍, അതുവരെയുള്ള കളിയുടെ ഒഴുക്കിനു വിപരീതമായി ആദ്യം ഫ്രാന്‍സ് മുന്നിലെത്തി. മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ലീഡ് നല്‍കിയത്. ആന്ത്വാന് ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ മാന്‍സുകിച്ചിന്റെ ഹെഡര്‍ സ്വന്തം വലയില്‍ വീഴുകയായിരുന്നു.
ഒരു ഗോള്‍ വഴങ്ങിയതോടെ ക്രൊയേഷ്യയുടെ കളിക്കും ഊര്‍ജം വന്നു. തളരാതെ പൊരുതിയ ക്രൊയേഷ്യ ഗോളുമടിച്ചു. ഇവാന് പെരിസിച്ചിന്റേതായിരുന്നു ഗോള്‍. 34-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പെരിസിച്ചിന്റെ കൈയില്‍ പന്തു തട്ടി. പെനല്‍റ്റിക്കായി ഫ്രഞ്ച് കളിക്കാര്‍ അപ്പീല്‍ ചെയ്തു. ആദ്യം റഫറി പെനല്‍റ്റി അനുവദിച്ചില്ല. എന്നാല്‍ വിഎആറിലൂടെയാണ് റഫറി പെനല്‍റ്റി അനുവദിച്ചു. ഗ്രീസ്മാന് ഡാനിയല്‍ സുബാസിച്ചിനെ അനായാസം മറികടന്ന് വലയിലാക്കി. ക്രൊയേഷ്യയുടെ വലിയ മത്സരങ്ങള്‍ കളിച്ച് പരിചയമില്ലെന്ന് തെളിയിക്കുന്നതായിരുന്നു വഴങ്ങിയ ഗോളുകളെല്ലാം.
ലോകകപ്പിൽ കോളിൻഡയുടെ മുത്തം!
ലോകകപ്പ് കിരീടം ലഭിച്ചില്ലെങ്കിലെന്താ ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് കപ്പിൽ മുത്തംവച്ചു. ഫ്രാൻസിന് ലോകകപ്പ് സമ്മാനിക്കാനുള്ള വേദിയിൽ കോളിൻഡയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണും ഫിഫ പ്രസിഡന്റ് ഇൻഫന്റിനോയ്ക്കൊപ്പമുണ്ടായിരുന്നു. കപ്പ് കളിക്കാർക്ക് സമ്മാനിക്കാൻ കൊണ്ടുപോകുംവഴിയാണ് കോളിൻഡ ഫിഫ ട്രോഫിയിൽ മുത്തമിട്ടത്.
1998 ഫൈനല്‍ ഇമ്മാനുവല്‍ പെറ്റിറ്റ് നേടിയശേഷം ലോകകപ്പ് ഫൈനലില്‍ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരത്തിന്റെ ആദ്യ ഗോളാണ് പോഗ്ബ ഇന്നലെ നേടിയത്.
ലോകകപ്പ് ഫൈനലില്‍ 1982ല്‍ ഇറ്റലിയുടെ മാര്‍കോ ട്രാഡെലി ബോക്സിനു പുറത്തുനിന്ന് ഗോള്‍ നേടിയശേഷം ആദ്യമായാണ് ഫൈനലില്‍ ബോക്സിനു പുറത്തുവച്ച് ഗോള്‍ നേടുന്നത് പോഗ്ബയുടേതായിരുന്നു ഈ ഗോള്‍.
കളിഗതി മാറ്റിയ ഹാൻഡ്
ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളാണ് ആദ്യ പകുതിയിൽ ലുഷ്നികി സ്റ്റേഡിയത്തെ പ്രകന്പനം കൊള്ളിച്ചത്. മോഡ്രിച്ചും പെരിസിച്ചും റാക്കിറ്റിച്ചും മാൻസുകിച്ചുമെല്ലാം ചേർന്ന് ഫ്രഞ്ച് പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. എന്നാൽ, കളിഗതിയെ മാറ്റിമറിച്ചത് 37-ാം മിനിറ്റിൽ പെരിസിച്ചിന്റെ ഹാൻഡ്ബോൾ. കോർണർ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പെരിസിച്ചിന്റെ കൈയിൽ പന്ത് തട്ടി. ഫ്രഞ്ച് താരങ്ങളുടെ ആവശ്യം പരിഗണിച്ച് റഫറി വിഎആറിലൂടെ പെനൽറ്റി വിധിച്ചു. മനഃപൂർവമല്ലാത്ത പിഴവിന് ക്രൊയേഷ്യകൊടുക്കേണ്ടിവന്ന വലിയ വില. കിക്കെടുത്ത ഗ്രീസ്മാൻ പന്ത് വലയിലാക്കി.
കഷ്ടകാലം!
ക്രൊയേഷ്യയുടെ തലയ്ക്കുമീതേ കഷ്ടകാലമായിരുന്നെന്നു പറയുന്നതിൽ തെറ്റില്ല. കാരണം, ഫ്രാൻസിന്റെ അക്കൗണ്ടിൽ ചേർക്കപ്പെട്ട രണ്ട് ഗോൾ സമ്മാനിച്ചത് ക്രൊയേഷ്യൻ താരങ്ങൾ. ആദ്യ ഗോളിനു കാരണക്കാരൻ ക്രൊയേഷ്യൻ സ്ട്രൈക്കർ മരിയോ മാൻസുകിച്ച്. ഫ്രീകിക്ക് രക്ഷപ്പെടുത്താൻ ഉയർന്നു ചാടിയ മാൻസുകിച്ചിന്റെ തലയിൽത്തട്ടി പന്ത് സ്വന്തം പോസ്റ്റിൽ. മാൻസുകിച്ചിന്റെ തലയ്ക്കു മീതേ കഷ്ടകാലം ഉദിച്ച നിമിഷത്തിൽ കളിക്ക് പ്രായം 18 മിനിറ്റ് മാത്രം. 38-ാം മിനിറ്റിലും ക്രൊയേഷ്യക്ക് കഷ്ടകാലമെത്തി, ഹാൻഡ് ബോളിന്റെ രൂപത്തിലായിരുന്നു അത്. ആ ഹാൻഡ്ബോൾ പെനൽറ്റി ഗോളായി മാറി.
ആ രണ്ട് ഗോളില്ലായിരുന്നെങ്കിലോ, മത്സരം 2-2 സമനിലയോടെ നിശ്ചിത സമയം പൂർത്തിയാകുമായിരുന്നു. എന്നാൽ, ഞായറാഴ്ച ശനിദശയായപ്പോൾ മികച്ച കളികെട്ടഴിച്ച് ചരിത്രം കുറിക്കാനൊരുങ്ങിയ ക്രൊയേഷ്യയുടെ കുതിപ്പ് തടയപ്പെട്ടു.
പെലെയ്ക്കുശേഷം എംബാപ്പെ
ലോകകപ്പ് ചരിത്രത്തിൽ പെലെയ്ക്കൊപ്പം തോൾചേർന്ന് ഫ്രാൻസിന്റെ പത്തൊന്പതുകാരൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ. പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന കൗമാര താരമെന്ന റിക്കാർഡിൽ പെലെയ്ക്കൊപ്പമെത്തിയ എംബാപ്പെ, ക്രൊയേഷ്യക്കെതിരായ ഫൈനലിലും ലക്ഷ്യംകണ്ടു. അതോടെ മറ്റൊരു വിശേഷത്തിലും ഫ്രഞ്ച് താരം പെലെയുടെ ഒപ്പമെത്തി. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന കൗമാരതാരമെന്ന റിക്കാർഡായിരുന്നു അത്. 1958 ലോകകപ്പ് ഫൈനലിലാണ് പെലെ (17-ാം വയസിൽ) ഇരട്ട ഗോൾ നേടിയത്.
ചരിത്രം കുറിച്ച് ദേഷാംപ്
ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപ് ചരിത്ര നേട്ടത്തിൽ. കളിക്കാരനായും പരിശീലകനായും ലോകകപ്പ് ഫുട്ബോൾ കിരീടം നേടുന്ന മൂന്നമത്തെ ആൾ എന്ന നേട്ടമാണ് ഇന്നലെ ദേഷാംപിനെ തേടിയെത്തിയത്. 1998ൽ ഫ്രാൻസ് ലോകകപ്പ് ഉയർത്തിയപ്പോൾ ദേഷാംപ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
ഇരുപത് വർഷത്തിനുശേഷം ഫ്രഞ്ച് ടീം വീണ്ടും ലോകകിരീടം സ്വന്തമാക്കിയപ്പോൾ ദേഷാംപ് പരിശീലക സ്ഥാനത്തും. ബ്രസീലിന്റെ മരിയോ സാഗല്ലോ, ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവർ എന്നിവരാണ് ദേഷാംപിനു മുന്‍പ് കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം ഉയർത്തിയത്. സാഗല്ലോ രണ്ട് തവണ കളിക്കാരനായി കപ്പ് സ്വന്തമാക്കി (1958, 1962), ഒരു തവണ (1970) ബ്രസീലിന്റെ പരിശീലകനായും അദ്ദേഹം ലോകകപ്പിൽ മുത്തമിട്ടു. ബെക്കൻബോവർ 1974ൽ കളിക്കാരനായും 1990ൽ പരിശീലകനായും ജർമനിക്കൊപ്പം ലോകകപ്പ് കിരീടത്തിൽ പങ്കാളിയായി.
ഗോൾ വഴി
ഗോള്‍ 1: മരിയോ മാന്‍സുകിച്ച് (സെല്‍ഫ് ഗോള്‍) 18-ാം മിനിറ്റ്. ബോക്സിനു മുന്നില്‍വച്ച് ആന്ത്വാന് ഗ്രീസ്മാനെ മാഴ്സലോ ബ്രോസോവിച്ച് ഫൗള്‍ ചെയ്തു. റഫറി ഫ്രീകിക്കും നല്കി. ഗ്രീസ്മാന്റെ കിക്ക് ബാക് പോസ്റ്റിലേക്കായിരുന്നു. അവിടെയെത്തി പന്തിലേക്ക് ഉയര്‍ന്നു ചാടിയ മാന്‍സുകിച്ചിന്റെ തലയില്‍നിന്ന് പന്ത് മുകള്‍ മൂലയില്‍.
ഗോള്‍ 2: ഇവാന് പെരിസിച്ച് (ക്രൊയേഷ്യ). 28-ാം മിനിറ്റ്. പെരിസിച്ചിന്റെ മുന്നേറ്റം തടയാന്‍ എന്‍ഗോളോ കാന്റെയുടെ ശ്രമം ഫൗളില്‍ കലാശിച്ചു. ബോക്സിനു പുറത്തുനിന്നു ലഭിച്ച ഫ്രീകിക്ക് മാന്‍സുകിച്ചാണ് എടുത്തത്. മാന്‍സുകിച്ചിന്റെ കിക്ക് ഡെമഗോജ് വിദയിലേക്ക്. വിദ ചെറിയൊരു തട്ടലിലൂടെ പന്ത് പെരിസിച്ചിന് മറിച്ചു നല്കി. കിക്കെടുക്കാന്‍ ആവശ്യത്തിനു സമയവും സ്പെയ്സും പെരിസിച്ചിനു ലഭിച്ചു.പന്ത് വലയില്‍.
ഗോള്‍ 3: ഗ്രീസ്മാന് (ഫ്രാന്‍സ്) 38-ാം മിനിറ്റ്. 34-ാം മിനിറ്റില്‍ ഫ്രാന്‍സിനു അനുകൂലമായി ലഭിച്ച കോര്‍ണര്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പെരിസിച്ചിന്റെ കൈയില്‍ പന്തുതട്ടി. പെനല്‍റ്റിക്കായി ഫ്രഞ്ച് കളിക്കാര്‍ അപ്പീല്‍ ചെയ്തു. വിഎആറിലൂടെ റഫറി പെനല്‍റ്റി അനുവദിച്ചു. സ്പോട് കിക്ക് ഗ്രീസ്മാന് കൃത്യമായി വലയിലാക്കി.
ഗോള്‍ 4. പോള്‍ പോഗ്ബ (ഫ്രാന്‍സ്) 59-ാം മിനിറ്റ്. ആദ്യം എംബാപ്പെ വലതുവശത്തുകൂടി പ്രതിരോധത്തെ പൊളിച്ചെത്തി. ഡിഫ്ളെക്ഷനിലൂടെ പന്ത് പോഗ്ബയ്ക്കു ലഭിച്ചു. പോഗ്ബയുടെ ആദ്യ ശ്രമം വിദയുടെ കാലില്‍ത്തട്ടി വീണ്ടും തിരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനു ലഭിച്ചു. ഒരിക്കല്‍ക്കൂടി പോഗ്ബയുടെ ശ്രമം; പന്ത് വലയില്‍.
ഗോള്‍ 5. കൈലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) 65-ാം മിനിറ്റ്. ഇടതു പാര്‍ശ്വത്തില്‍നിന്ന് ലൂകാസ് ഹെര്‍ണാണ്ടസ് പന്ത് മധ്യത്തിലേക്കു നല്കി. പന്തിലേക്ക് ഓടിയെത്തിയ എംബാപ്പെയുടെ ശ്രമം വിദയ്ക്ക് ബ്ലോക് ചെയ്യാനായില്ല. സുബാസിച്ചിനെ കടന്ന് പന്ത വലയില്‍ കയറി.
ഗോള്‍ 6. മരിയോ മാന്‍സുകിച്ച് (ക്രൊയേഷ്യ) 69-ാം മിനിറ്റ്. ആദ്യം സാമുവല്‍ ഉംറ്റിറ്റി ഹ്യൂഗോ ലോറിസിനു ബാക് പാസ് നല്കി. പന്ത് തിരിച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ലോറിസിനു താമസം നേരിട്ടു. ഈ അവസരത്തില്‍ ഓടിയെത്തിയ മാന്‍സുകിച്ച് പന്ത് വലയില്‍ അനായാസം തട്ടിയിട്ടു.
കളിയിലെ കണക്ക്
ഫ്രാൻസ് ക്രൊയേഷ്യ
34 പന്തടക്കം 66
6 ഗോള്‍ ഷോട്ട് 4
2 സേവ് 3
2 കോര്‍ണര്‍ 6
285 പാസ് 529
1 ഓഫ്സൈഡ് 1
13 ഫൗള്‍ 13
2 മഞ്ഞകാര്‍ഡ് 1