ഡിസ്പുർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്ന് അസം മുഖ്യമന്ത്രിയായ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ.
“ഇന്ത്യ എല്ലാ ഗെയിമുകളിലും വിജയിക്കുകയും ഫൈനൽ തോൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മത്സരം തോറ്റതെന്ന് ഞാൻ അന്വേഷിച്ചു, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണ് ലോകകപ്പ് ഫൈനൽ കളിച്ചതെന്നാണ് കണ്ടെത്തിയത്’ -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
“എനിക്ക് ബിസിസിഐയോട് ഒരു അഭ്യർഥനയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനമായ ദിവസം ഇന്ത്യ കളിക്കരുത്. ലോകകപ്പ് ഫൈനലിൽനിന്ന് അത് ഞാൻ പഠിച്ചു’ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യ തോറ്റതിനെതിരേ വേറെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മോദിയുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം മത്സരത്തിൽ ഇന്ത്യ തോൽക്കുന്നതിന് കാരണമായെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആക്ഷേപം.
മോദിയെ “ശകുനം’ എന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ഈ ആക്ഷേപം ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും നൽകി.
മോദിയുടെ പേരിലുള്ള അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ കാഴ്ചക്കാരായിരുന്നു.