മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30 ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടറായ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടീമിനെ തെരഞ്ഞെടുത്തത്. ലോകകപ്പ് പരിചയമില്ലാത്ത ഏഴ് കളിക്കാരെ ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമയാണ് ഉപനായകൻ. യുവതാരം ഋഷഭ് പന്തിനും അന്പാട്ടി റായുഡുവിനും ടീമിൽ ഇടംലഭിക്കാതിരുന്നപ്പോൾ ദിനേശ് കാർത്തിക്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ തുടങ്ങിയവർക്ക് ബ്രിട്ടനിലേക്കു വീസ ലഭിച്ചു. ധോണിയുടെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് കാർത്തികിനെ ഉൾപ്പെടുത്തിയത്.
നാലാം നന്പറിൽ ആരുകളിക്കുമെന്നതിനുള്ള ഉത്തരമാണ് വിജയ് ശങ്കർ. വിജയ്ക്ക് മൂന്ന് രീതിയിൽ ടീമിനു സംഭാവന നല്കാൻ സാധിക്കും. വിജയ് ശങ്കറിനു ബാറ്റ് ചെയ്യാൻ സാധിക്കും, മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ പന്തെറിയുകയുമാകാം. സർവോപരി അദ്ദേഹം മികച്ചൊരു ഫീൽഡറുമാണ്. അതിനാൽ നാലാം നന്പറിൽ വിജയ് ശങ്കറെയാണ് ഉദ്ദേശിക്കുന്നത്- എം.എസ്.കെ. പ്രസാദ് പറഞ്ഞു.
ജൂണ് അഞ്ചാം തീയതി ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ആരംഭിക്കുന്നത്.
റായുഡുവിനൊപ്പം ഐസിസിയും!
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് അന്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് ഐസിസിക്കും അത്ര രസിച്ചില്ലെന്ന് വ്യക്തം. ഫോമിലുള്ള അന്പാട്ടി റായുഡുവിനേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം.
ഇതിന് ആക്കം കൂട്ടുകയാണ് ഐസിസിയും. റായുഡുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ഐസിസി രംഗത്തുവന്നു. ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഐസിസിയുടെ ചോദ്യം. ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയടക്കമുള്ളവർ റായുഡുവിനെ ഒഴിവാക്കിയതിനെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്. ഹൃദയഭേദകമെന്നാണ് ഗാംഗുലി ബിസിസിഐ തീരുമാനത്തെ വിശേഷിപ്പിച്ചത്.
ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിനേക്കാളും ബാറ്റിംഗ് ശരാശരിയുള്ള റായുഡു ഇന്ത്യൻ സംഘത്തിനൊപ്പം വേണ്ടേ എന്ന് ഐസിസി ക്രിക്കറ്റ് ആരാധകരോടായി ചോദിച്ചു. ചുരുങ്ങിയത് 20 ഇന്നിംഗ്സുകളിൽ ഏറ്റവും കൂടുതൽ ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഐസിസി പങ്കുവയ്ക്കുകയും ചെയ്തു. 47.05 ശരാശരിയുമായി റായുഡു ഇതിൽ നാലാം സ്ഥാനത്താണ്. സച്ചിന്റെ ശരാശരി 44.83 ആണ്. രാട് കോഹ്ലി (59.57), എം.എസ്. ധോണി (50.37), രോഹിത് ശർമ (47.39) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
യുവ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ ഒഴിവാക്കിയത് കണ്ണടച്ചുള്ള തീരുമാനമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കൂറ്റനടിയിലൂടെ മത്സരത്തിന്റെ ഗതിതിരിക്കാനുള്ള കഴിവ് പന്തിനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.