കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ഇന്ത്യ അവസാന സന്നാഹമത്സരത്തില്‍ അട്ടിമറിക്കാന്‍ കെല്പുള്ള ബംഗ്ലാദേശിനെ നേരിടും.
സന്നാഹ മത്സരത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു സംഭവിച്ച ബാറ്റിംഗ് പിഴവുകള്‍ എല്ലാം തീര്‍ത്ത് ആത്മവിശ്വാസത്തോടെ പ്രധാന മത്സരങ്ങള്‍ക്ക് ഒരുങ്ങുകയാണ് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വെയ്ല്‍സില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിനുശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പാക്കിസ്ഥാനായിരുന്നു എതിരാളികള്‍. എന്നാല്‍ ഇതിനു മുമ്പ് അയര്‍ലന്‍ഡില്‍ ഏകദിന പരമ്പര കളിച്ച ബംഗ്ലാദേശ് ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
ലോകകപ്പിനു മുമ്പ് കൂടുതല്‍ സജ്ജമാകാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. ഇന്ത്യക്കാണെങ്കില്‍ പരിഹരിക്കപ്പെടാന്‍ പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ബാറ്റിംഗിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം. ന്യൂസിലന്ഡിനെതിരേ ബാറ്റിംഗില്‍ പതറിയ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവരടങ്ങിയ പേരുകേട്ട ബാറ്റിംഗ് നിര ട്രെന്റ് ബോള്‍ട്ട്, ജയിംസ് നീഷം എന്നിവരുടെ സ്വിംഗിനു മുന്നില്‍ പതറിയതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 91 എന്ന നിലയില്‍ തകര്‍ന്നു.
നാലാം നമ്പറിലെ പ്രശ്നങ്ങള്‍ക്ക് ഇന്ത്യക്ക് പരിഹാരം കാണാനായിട്ടില്ല. ഈ സ്ഥാനത്ത് ന്യൂസിലന്ഡിനെതിരേ ഇറങ്ങിയ കെ.എല്‍. രാഹുലും നിരാശപ്പെടുത്തി.
അയലന്‍ഡില്‍ നടന്ന ത്രിരാഷ് ട്ര പരമ്പരയിലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ബംഗ്ലാദേശ് അടുത്ത കാലത്ത് ഫോമിലാണ്. ഇന്ത്യയാണെങ്കില്‍ തുടര്‍ തോല്‍വികളുമായാണ് അവസാന സന്നാഹത്തിനൊരുങ്ങുന്നത്. തുടര്‍ തോല്‍വികളുടെ വേദന മാറാന്‍ ഇന്ത്യക്ക് ഇന്ന് മഴ മൂലം മത്സരം തടസപ്പെടാതെയിരിക്കണം.