കുവൈത്ത് സിറ്റി: ഫുട്ബോൾ ലോകകപ്പ് ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ എതിരാളികളായ കുവൈത്തിനെ പരാജയപ്പെടുത്തിയത്. 75ാം മിനിറ്റിൽ മൻവീർ സിംഗ് ഇന്ത്യക്കുവേണ്ടി ഗോൾ നേടി.
ഇടത് വിങ്ങിലൂടെ ചീറ്റയെപോലെ കുതിച്ച ലാലിയൻസുവാല ചാങ്തെ ബോക്സിനകത്തേക്ക് നൽകിയ കിടിലൻ ക്രോസ് കുവൈത്ത് പ്രതിരോധ നിരയെ മറികടന്ന് മൻവീർ വലയിലാക്കുകയായിരുന്നു.
94-ാം മിനിറ്റിൽ കുവൈത്ത് താരം അൽ ഹർബി, ചാങ്തെയെ ഫൗൾ ചെയ്തതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, കെ.പി. രാഹുൽ തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ‘എ’യിൽ ഇന്ത്യയും കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്ഥാനുമാണ് മറ്റു രണ്ടു രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഏഷ്യാകപ്പിലെ ഒന്നും രണ്ടും സഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യക്ക് അടുത്ത മത്സരം.