മോസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ബാലൻ സ്ഥാനം പിടിച്ചു. കർണാടകയിൽ നിന്നുള്ള 10 വയസുകാരൻ ഋഷി തേജ് ആണ് ഫിഫ ലോകകപ്പിൽ പന്തും വഹിച്ച് അരങ്ങേറ്റം നടത്തിയ ഭാഗ്യവാൻ. തിങ്കളാഴ്ച സോച്ചിയിൽ നടന്ന ബെൽജിയം-പനാമ മൽസരത്തിന്റെ ഒൗദ്യോഗിക പന്ത് ഋഷിയാണ് വഹിച്ചത്.
ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായ കിയാ മോട്ടോഴ്സ് ആണ് മാച്ച് ബോൾ കരിയർ (പന്തു വഹിക്കുന്നയാൾ) പ്രോഗ്രാം വഴി ഋഷി തേജിനെ തെരഞ്ഞെടുത്തത്. 10 നും 14 നും ഇടയിൽ പ്രായമുള്ള ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്കിടയിൽ നടത്തിയ മൽസരത്തിലൂടെയാണ് ഋഷി ഈ ഭാഗ്യപട്ടം കരസ്ഥമാക്കിയത്.
ഋഷി തേജിനൊപ്പം തമിഴ്നാട്ടിൽനിന്നും നതാനിയാ കെ. ജോണ്‍ എന്ന പതിനൊന്നുകാരിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ 22നു സെന്റ് പീറ്റേഴസ്ബർഗിൽ നടക്കുന്ന ബ്രസീൽ -കോസ്റ്ററിക്ക മത്സരത്തിലെ പന്തു വഹിച്ചുകൊണ്ടു എത്തുക നതാനിയാ ആയിരിക്കും.
മാച്ച് ബോൾ കാരിയർ പ്രോഗ്രാമിൽ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും പങ്കാളിയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 കുട്ടികളെയാണ് മത്സരങ്ങളിലെ പന്ത് വാഹകരായി ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്.
ജോസ് കുന്പിളുവേലിൽ