കോല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഇന്ത്യയുടെ അടുത്തെത്തിയിരിക്കുന്നു. ഇനി ഒരു കടന്പ കൂടി കടന്നാൽ ലോകകിരീടം മൂന്നാം തവണ ഇന്ത്യയുടെ നെറുകയിലെത്തും.
ഇന്നലെ നടന്ന സെമിഫൈനലിൽ ന്യൂസിലന്‍ഡിനെ 70 റൺസിനെ തകര്‍ത്തായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യ വീരോചിത കുതിപ്പ്.
ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിൽ ഇന്നു ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികൾ.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യയുടെ 397 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് പോരാട്ടവീര്യം കാണിച്ചെങ്കിലും മുഹമ്മദ് ഷമിയുടെ ബോളിംഗ് മായാജാലത്തില്‍ അവർ തലകുനിച്ചു മടങ്ങി.
ഏഴ് വിക്കറ്റെടുത്ത ഷമിയാണ് കളിയിലെ താരം.ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റിക്കാര്‍ഡ് വിരാട് കോഹ് ലിയുടെ പേരിലായ മത്സരം കൂടിയായി ഇന്നലത്തെ സെമി.
സച്ചിന് ടെന്‍ഡുല്‍ക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്.
മൂന്നാംതവണയാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏകദിന ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടുന്നത്. 1999 ലോകകപ്പ് സെമിയില്‍ സമനില വഴങ്ങി ഫൈനല്‍ കാണാതെ പുറത്തായതിനും 2007ലെ തോല്‍വിക്കും കംഗാരുക്കളോട് പ്രോട്ടീസിനു പകരം വീട്ടാനുണ്ട്.
നോക്കൗട്ടില്‍ മുട്ടിടിക്കുന്ന ടീമെന്ന അപഖ്യാതിയും ദക്ഷിണാഫ്രിക്കയ്ക്ക് മായ്ച്ചുകളയണം. ലീഗ് റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വന്‍ ജയം നേടിയിരുന്നു.
ഈ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ആദ്യ രണ്ടു മത്സരത്തില്‍ (ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും) തോറ്റു.
പിന്നീട് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും തിരിച്ചുവരവാണ് ഈ ലോകകപ്പ് കണ്ടത്. തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായി സെമിയില്‍.